Kerala
SSLC Exam
Kerala

എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണയ രീതി മാറുന്നു; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

Web Desk
|
8 May 2024 10:13 AM GMT

എഴുത്തു പരീക്ഷയിൽ പ്രത്യേകം മാർക്ക് നേടുന്നതാണ് പേപ്പർ മിനിമം രീതി

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണയ രീതി മാറുന്നു. അടുത്തവർഷം മുതൽ ഹയർസെക്കൻഡറിയിലേതുപോലെ മിനിമം മാർക്ക് ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ് മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

വിജയത്തിന് എഴുത്തു പരീക്ഷയിൽ പ്രത്യേകം മാർക്ക് നേടുന്നതാണ് പേപ്പർ മിനിമം രീതി. 40 മാർക്ക് ഉള്ള വിഷയത്തിന് എഴുത്തു പരീക്ഷയിൽ 12 മാർക്ക് നേടണം. 80 മാർക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് വേണമെന്നാതാണ് രീതി.

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോഴാണ് പരീക്ഷാ മൂല്യനിർണയ രീതി മാറുമെന്ന് മന്ത്രി അറിയിച്ചത്. ഇക്കുറി എസ്.എസ്.എൽ.സിയുടെ വിജയശതമാനം 99.69%. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനം കുറവ്. ഉന്നത പഠനത്തിന് 4,25,563 പേർ അർഹതനേടി. 71831 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ 3227 ഫുൾ എ പ്ലസ് വർദ്ധിച്ചു. കഴിഞ്ഞ വർഷം 68,804 ​പേരായിരുന്നു ഫുൾ എ പ്ലസ് നേടിയത്.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

വിജയശതമാനം ഉയർന്ന ജില്ല- കോട്ടയം (99.92 %).വിജയശതമാനം കുറഞ്ഞ ജില്ല തിരുവനന്തപുരം (99.08%). വിജയ ശതമാനം ഉയർന്ന വിദ്യാഭ്യാസ ജില്ല പാല (100%). വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല - ആറ്റിങ്ങൽ (99%). ഫുൾ എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4934 പേരാണ് ജില്ലയിൽ നിന്ന് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 4856 വിദ്യാർത്ഥികളാണ് മലപ്പുറത്ത് നിന്ന് ഫുൾ എ പ്ലസ് നേടിയത്.കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ PKMMHSS എടരിക്കോടാണ്. 2085കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

892 ഗവ. സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.1139 എയ്ഡഡ് സ്കൂളുകളും, 443 അൺ എയ്ഡഡ് സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി മന്ത്രി പറഞ്ഞു.

പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ മെയ് 9 മുതൽ സമർപ്പിക്കാം. അവസാന തീയതി മെയ് 15. സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ നടത്തും. വിജയം നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷകൾ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചത്. വൈകുന്നേരം നാല് മുതൽ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും റിസൾട്ടുകൾ ലഭിച്ചു തുടങ്ങും.

99.70 ആയിരുന്നു കഴിഞ്ഞ കൊല്ലത്തെ വിജയശതമാനം. 4,27,105 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്.

70 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിർണ്ണയം നടത്തിയത്.

റിസൾട്ട് അറിയാൻ ആപ്പും

എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ 'സഫലം 2024' എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2024' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

Related Tags :
Similar Posts