സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക കത്തീഡ്രൽ തുറക്കും
|200 ദിവസം അടച്ചിട്ട ശേഷമാണ് ബസിലിക്ക തുറക്കുന്നത്
കൊച്ചി: സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍ തുറക്കും. സിറോ മലബാര്‍ സഭയുടെ മെത്രാന്‍ സമിതിയും ബസിലിക്കാ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തുറക്കാന്‍ ധാരണയായത്. സഭയുടെ ആസ്ഥാന ദൈവാലയം എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും സിനഡ് ആഹ്വാനം ചെയ്തിരുന്നു. ചര്‍ച്ചയില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, മോണ്‍. വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍, മോണ്‍. ആന്റണി നരികുളം, ഫാ. ആന്റണി പൂതവേലില്‍, ശ്രീ. ബാബു പുല്ലാട്ട് (കൈക്കാരന്‍), അഡ്വ. എം. എ. ജോസഫ് മണവാളന്‍ (കൈക്കാരന്‍) എന്നിവര്‍ പങ്കെടുത്തു.
നവംബര്‍ 28നാണ് ബസിലിക്ക അടച്ചത്. 200 ദിവസം അടച്ചിട്ട ശേഷമാണ് ബസിലിക്ക തുറക്കുന്നത്. കത്തീഡ്രല്‍ തുറക്കുമെങ്കിലും കുര്‍ബാന അര്‍പ്പണം തല്‍ക്കാലമുണ്ടാകില്ല. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമാണ് സെന്‍റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍.
അതെ സമയം ബസിലിക്ക തുറക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത് അല്‍മായ മുന്നേറ്റം രംഗത്തുവന്നു. സിനഡ് കുര്‍ബാന മാത്രമേ അനുവദിക്കൂ എന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്നും അല്‍മായ മുന്നേറ്റം പ്രതികരിച്ചു.