സംസ്ഥാന ബജറ്റ്: പൊതുജനാഭിപ്രായം തേടാന്‍ ഡിജിറ്റൽ സര്‍വേയുമായി യു.ഡി.എഫ് എം.എല്‍.എമാര്‍
|ഡിജിറ്റൽ ലിങ്കിലൂടെ ബജറ്റിനോടുള്ള പൊതുജനാഭിപ്രായം രേഖപ്പെടുത്താനാണ് എം.എൽ.എമാർ ആവശ്യപ്പെടുന്നത്
തിരുവനന്തപുരം: നിയമസഭയിലെ സമരവേദിയിൽ നിന്ന് ജനഹിത സര്‍വേക്ക് തുടക്കം കുറിച്ച് യു.ഡി.എഫ് എം.എൽ.എമാർ. ബജറ്റിനെതിരായ പൊതുജന അഭിപ്രായം തേടലാണ് സർവേയുടെ ലക്ഷ്യം. ഷാഫി പറമ്പിൽ, മ്യാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ മഹേഷ് എന്നിവർ ഫേസ് ബുക്ക് ലൈവിലൂടെയാണ് സർവേ ആരംഭിച്ചത്. ഡിജിറ്റൽ ലിങ്കിലൂടെ ബജറ്റിനോടുള്ള പൊതുജനാഭിപ്രായം രേഖപ്പെടുത്താനാണ് എം.എൽ.എമാർ ആവശ്യപ്പെടുന്നത്. ഇതിനായി ലിങ്കും ഷെയർ ചെയ്തിട്ടുണ്ട്. പിന്നീട് പൊതുജനാഭിപ്രായങ്ങൾ ധനമന്ത്രിയെ അറിയിക്കാനാണ് തീരുമാനം.
അതേസമയം ബജറ്റിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപക പ്രതിഷേധമാണ് ഇന്ന് കോൺഗ്രസ് നടത്തിയത്. ഡി.സി.സിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കുമാണ് മാർച്ച് നടന്നത്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് നടന്ന പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തൃശ്ശൂരും സമരക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയിൽ പൊലീസിന് നേരെ കല്ലേറുണ്ടായി. കോട്ടയത്ത് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നികുതി വര്‍ധനവിനെതിരെ നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹം രണ്ടാം ദിനവും തുടരുകയാണ്. രണ്ടു പകൽ നീണ്ടു നിൽക്കുന്ന രാപകൽ സമരം നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായിരുന്നു. ഇരുചക്ര വാഹനമടക്കം കത്തിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.