![ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാർ വഹിക്കേണ്ടത് അമിത ഭാരം; തിരിച്ചടിയാകുന്നത് കേന്ദ്ര മാനദണ്ഡങ്ങൾ ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാർ വഹിക്കേണ്ടത് അമിത ഭാരം; തിരിച്ചടിയാകുന്നത് കേന്ദ്ര മാനദണ്ഡങ്ങൾ](https://www.mediaoneonline.com/h-upload/2024/11/16/1450918-2.webp)
ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാർ വഹിക്കേണ്ടത് അമിത ഭാരം; തിരിച്ചടിയാകുന്നത് കേന്ദ്ര മാനദണ്ഡങ്ങൾ
![](/images/authorplaceholder.jpg?type=1&v=2)
ദുരന്ത നിവാരണത്തിന് ഉപയോഗിക്കുന്ന തുകയിൽ വലിയൊരു ശതമാനം സ്വന്തം നിലയിൽ കണ്ടെത്തേണ്ട അവസ്ഥയിലാണ് കേരളം.
ഡൽഹി: പ്രകൃതി ദുരന്തങ്ങൾ പരിഹരിക്കാനായി സംസ്ഥാന സർക്കാരിന് വഹിക്കേണ്ടത് അമിതമായ ഭാരം. കേന്ദ്ര മാനദണ്ഡങ്ങളാണ് സംസ്ഥാനത്തിന് തിരിച്ചടിയാകുന്നത്. ദുരന്ത നിവാരണത്തിന് ഉപയോഗിക്കുന്ന തുകയിൽ വലിയൊരു ശതമാനം സ്വന്തം നിലയിൽ കണ്ടെത്തേണ്ട അവസ്ഥയിലാണ് കേരളം.
പ്രകൃതി ദുരന്തത്തിൽ ഒരു വീട് പൂർണമായും തകർന്നാൽ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അനുവദിക്കാൻ കഴിയുന്നത് 1,20,000 രൂപയാണ്. മലപ്രദേശത്താണെങ്കിൽ പതിനായിരം രൂപ കൂടി അധികമായി ലഭിക്കും. പൂർണമായും തകർന്ന വീട് പൊളിച്ചു മാറ്റി അടിത്തറ പൂർത്തിയാകുമ്പോൾ തന്നെ ഈ തുക ദുരിതബാധിതനു ചെലവാകും. നീതി ആയോഗിന്റെ കണക്കിൽ ഉത്തരേന്ത്യയിൽ ഒരു വീട് നിർമിക്കാൻ ഈ തുക മതിയാകുമെങ്കിലും കേരളത്തിലെ സ്ഥിതി തുലോം വ്യത്യസ്തമാണ്.
അസംസ്‌കൃത വസ്തുക്കളുടെ വില, കൂലി ചെലവ് തുടങ്ങിയവ രാജ്യത്ത് ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന കേരളത്തിൽ വീട് നിർമിക്കുമ്പോൾ ഉത്തരേന്ത്യയിലെ നിർമാണത്തേക്കാൾ പലമടങ്ങ് തുക ചെലവാകും. ഇതിനുള്ള പരിഹാരമായി പൂർണമായും തകർന്ന വീടുകൾ നിർമിക്കാൻ നാല് ലക്ഷം രൂപയാണ് കേരളം നൽകുന്നത്. ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള 1,20,000 കഴിഞ്ഞുള്ള ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് നൽകുന്നത്. വീടുവെക്കാനായി ഭൂമി വാങ്ങണം എന്നുള്ളവർക്ക് അതിനായി ആറു ലക്ഷം രൂപ വേറെയും നൽകുന്നുണ്ട്. ഭൂമി വാങ്ങി വീടുവെക്കാനായി നൽകുന്നത് പത്ത് ലക്ഷം രൂപയാണ്.
നിലവിൽ കേന്ദ്രം അനുവദിച്ചിരിക്കുന്നത് ദുരന്ത നിവാരണ ഫണ്ടാണ്. ഈ ഫണ്ടിൽ തുക ബാക്കിയുണ്ട് എന്ന് കേന്ദ്രമന്ത്രി പറയുന്നത് വാസ്തവമാണ്, പക്ഷെ ഭാവിയിലെ ദുരന്തം മുൻകൂട്ടി കണ്ടുള്ള തുകയാണിത്. ഈ തുക പൂർണമായും ഉപയോഗിച്ചാൽ പോലും വയനാട് ദുരന്ത പരിഹാരത്തിന് തികയില്ല. അതുകൊണ്ടാണ് വയനാട് ദുരന്ത പാക്കേജ് പ്രത്യേകം അനുവദിക്കണമെന്ന് സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്നത്.