പ്രളയം തിരിച്ചറിയാൻ സംസ്ഥാന സർക്കാർ പദ്ധതിയുണ്ടായിരുന്നു; വിവരം പങ്കുവെച്ച് മുഖ്യമന്ത്രിയുടെ എഫ്.ബി. പോസ്റ്റ്
|നാസയുമായും കാനഡ, യുകെ. ഫ്രാൻസ് എന്നിവിടങ്ങളിലെ സ്പേയ്സ് ഏജൻസികളുമായും ചേർന്നുള്ള സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി (SWOT) എന്ന അത്യാധുനിക ഗവേഷണ പദ്ധതിയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യൂ.ആർ.ഡി.എം) പങ്കാളിയാണ്
പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനും സംസ്ഥാന സർക്കാറിന് പദ്ധതിയുണ്ടായിരുന്നു. 2020 ഒക്ടോബർ 25 ന് ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾക്ക് പുറമേയുള്ള വിവരങ്ങൾ ലഭിക്കാൻ, നാസയുമായും കാനഡ, യുകെ. ഫ്രാൻസ് എന്നിവിടങ്ങളിലെ സ്പേയ്സ് ഏജൻസികളുമായും ചേർന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യൂ.ആർ.ഡി.എം) സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി (SWOT) എന്ന അത്യാധുനിക ഗവേഷണ പദ്ധതിയിൽ പങ്കാളിയായ വിവരമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. എന്നാൽ ഇത്തരം പദ്ധതികളുടെ ഫലപ്രാപ്തിയാണ് വീണ്ടും പ്രളയമുണ്ടായിരിക്കെ ചർച്ചയാകുന്നത്.
2020 ഒക്ടോബർ 25ന് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം:
നാസയും കനേഡിയൻ, യുകെ, ഫ്രഞ്ച് സ്പേയ്സ് ഏജൻസികളും ചേർന്ന് വികസിപ്പിക്കുന്ന സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി (SWOT) എന്ന അത്യാധുനിക ഗവേഷണ പദ്ധതിയിൽ പങ്കാളിയായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സി.ഡബ്ള്യു.ആർ.ഡി.എം തെരഞ്ഞെടുക്കപ്പെട്ടു. ജലാശയങ്ങളിലെ ജലനിരപ്പ് കൃത്രിമോപഗ്രഹങ്ങളിലെ മൈക്രോവേവ് സെൻസറുകൾ ഉപയോഗിച്ച് റിമോട്ട് സെൻസിങ്ങിലൂടെ നിരീക്ഷണ-പഠനങ്ങൾക്ക് വിധേയമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തടാകങ്ങളിലെ ജലത്തിന്റെ അളവിൽ വരുന്ന വ്യതിയാനങ്ങൾ പഠിക്കുന്നതിനാവശ്യമായ സഹായങ്ങളാണ് സി.ഡബ്ള്യു.ആർ.ഡി.എം ഈ പ്രോജക്റ്റിനു നൽകുക.
ഹൈഡ്രോളജി, ഓഷ്യാനോഗ്രഫി, കാലാവസ്ഥ നിരീക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ പുത്തൻ അറിവുകളും സാങ്കേതിക മുന്നേറ്റങ്ങളും സൃഷ്ടിക്കാൻ ഉതകുന്ന പദ്ധതിയായിരിക്കും സ്വോട്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കരുതുന്നു. ലോകത്തിലെ തന്നെ അത്യുന്നത ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ സി.ഡബ്ള്യു.ആർ.ഡി.എമ്മിനു അവസരം ലഭിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്. ആ സ്ഥാപനം കൈവരിച്ച മികവിന്റെ അംഗീകാരം കൂടിയാണ് ഈ നേട്ടം. കേരളത്തിന്റെ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരാൻ ഇതിലൂടെ സാധിക്കും. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു.