മന്ത്രി വി അബ്ദുറഹ്മാനും മന്ത്രി മന്ദിരം; ശിവൻകുട്ടിയുടെ റോസ് ഹൗസ് വളപ്പിൽ വീട് പണിയും
|മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരുണ്ടെങ്കിലും ഔദ്യോഗിക വസതികൾ ഇരുപതേയുള്ളൂ
വാടകവീട്ടിൽ കഴിയുന്ന വഖഫ് മന്ത്രി വി അബ്ദുറഹ്മാനും മന്ത്രി മന്ദിരമാകുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വസതിയായ റോസ് ഹൗസ് വളപ്പിലാകും പുതിയ മന്ത്രി മന്ദിരം നിർമിക്കുക. മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരുണ്ടെങ്കിലും ഔദ്യോഗിക വസതികൾ ഇരുപതേയുള്ളൂ. വാടക വീട്ടിൽ കഴിയുന്ന വി. അബ്ദുറഹ്മാനു വേണ്ടിയാണ് പുതിയ മന്ദിരം പണിയുന്നത്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് വളപ്പിൽ ഏഴ് മന്ത്രി മന്ദിരങ്ങളുണ്ട്. പ്രശാന്ത്, പെരിയാർ, പൗർണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെൻ ഡെൻ എന്നിവയാണത്. കാവേരി, ഗംഗ, നിള, ഗ്രെയ്സ് എന്നിങ്ങനെ പ്രതിപക്ഷ നേതാവിന്റെ കൻറോൺമെൻറ് ഹൗസ് വളപ്പിലുള്ളത് നാല് മന്ത്രി മന്ദിരങ്ങളാണ്. രാജ്ഭവനു സമീപം മൻമോഹൻ ബംഗ്ലാവും അജന്തയും കവടിയാർ ഹൗസുമുണ്ട്. നന്ദൻ കോട് രണ്ടും വഴുതക്കാട് മുന്നും മന്ത്രിമന്ദിരങ്ങളുണ്ട്.
അബ്ദുറഹ്മാൻ ഒഴികെയുള്ള മന്ത്രിമാർക്കെല്ലാം ഒദ്യോഗിക വസതിയുണ്ട്. ബന്ധു നിയമന വിവാദത്തിലെ രാജിക്കു ശേഷം തിരിച്ചെത്തിയ ഇപി ജയരാജനും ഒദ്യോഗിക വസതി ലഭിച്ചിരുന്നില്ല. ജയരാജൻ താമസിച്ചിരുന്ന സാനഡു അപ്പോഴേക്കും അദ്ദേഹത്തിന്റെ പകരക്കാരൻ എം.എം. മണിക്കു നൽകിയിരുന്നു. രണ്ടാം വരവിൽ ജയരാജൻ താമസിച്ചിരുന്ന വഴുതക്കാട്ടെ വാടക വീട്ടിലാണ് അബ്ദു റഹിമാൻ ഇപ്പോൾ കഴിയുന്നത്. ഭീമമായ വാടകയും മറ്റു ചെലവുകളും ഒഴിവാക്കാനാണ് ഒരു മന്ത്രി മന്ദിരം കൂടി പണിയാൻ സർക്കാർ തീരുമാനിച്ചത്. വിശാലമായ റോസ് ഹൗസിലെ ഒരു ഭാഗത്താകും പുതിയ മന്ത്രി മന്ദിരം. വീടു നിർമാണത്തിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്.