സർക്കാർ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാകുന്നു; അപേക്ഷാ ഫീസ് ഒഴിവാക്കും, നടപടിക്രമങ്ങള്‍ ലഘൂകരിക്കും
|അപേക്ഷകന്റെ എസ്എസ്എൽസി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല
സർക്കാർ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള തീരുമാനവുമായി സംസ്ഥാനസര്‍ക്കാര്‍. ഗവണ്മെന്റ് സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനിമുതല്‍ രേഖകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.
പൗരന്മാര്ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനണ് മന്ത്രിസഭയോഗം തീരുമാനിച്ചത്. ഒരിക്കല്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഇനിമുതല്‍ ഉപയോഗിക്കാം. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി ഇനി മുതല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.
കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്തു ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ തന്നെ നല്‍കും. എന്നാല്‍, ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരമായി ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ മതി. ഇവ ഇല്ലാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
അപേക്ഷകന്റെ എസ്എസ്എൽസി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അല്ലാത്തപക്ഷം വില്ലേജ് ഓഫീസർ അല്ലെങ്കില്‍ തഹസിൽദാർ എന്നിവര്‍ക്ക് ഓൺലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. തിരിച്ചറിയല്‍ രേഖയില്ലാത്ത പൗരന്മാര്ക്ക് ഗസറ്റഡ് ഓഫീസര്‍ നല്കുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും മന്ത്രിസഭ തീരുമാനമെടുത്തു.