Kerala
മശാരിഉൽ അശ്‌വാഖ് ഇലാ മസ്വാരിഇൽ ഉശ്ശാഖ് എന്ന ഗ്രന്ഥം നിരോധിക്കാൻ സംസ്ഥാന സർക്കാർ
Kerala

മശാരിഉൽ അശ്‌വാഖ് ഇലാ മസ്വാരിഇൽ ഉശ്ശാഖ് എന്ന ഗ്രന്ഥം നിരോധിക്കാൻ സംസ്ഥാന സർക്കാർ

Web Desk
|
28 Sep 2021 12:55 PM GMT

നിരോധനം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സർക്കാറിന് മുമ്പിൽ ശിപാർശ സമർപ്പിച്ചത്.

തിരുവനന്തപുരം: പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സിറിയൻ പണ്ഡിതൻ അഹ്‌മദ് ഇബ്രാഹിം മുഹമ്മദ് ദിമശ്ഖിയുടെ, മശാരിഉൽ അശ്‌വാഖ് ഇലാ മസ്വാരിഇൽ ഉശ്ശാഖ് വ മുസീറുൽ ഗറാം ഇലാ ദാറിസ്സലാം എന്ന ഗ്രന്ഥം സംസ്ഥാനത്ത് നിരോധിക്കാൻ ശിപാർശ. നിരോധനം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സർക്കാറിന് മുമ്പിൽ ശിപാർശ സമർപ്പിച്ചത്.

പുസ്തകത്തിൽ നിയമലംഘന ഉള്ളടക്കമുണ്ടോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പിആർഡി ഡയറക്ടർ കൺവീനറായ മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ദേശവിരുദ്ധവും തീവ്ര മതമൗലികവാദവും അടങ്ങുന്ന ഉള്ളടക്കങ്ങൾ പുസ്തകത്തിലുണ്ട് എന്നാണ് ബെഹ്‌റ നൽകിയ ശിപാർശയിൽ പറയുന്നത്. ഐഎസിന്റെ ആശയപ്രചാരണത്തിന് ഈ പുസ്തകം ഉപയോഗിക്കുന്നതായും സർക്കാർ കരുതുന്നു.

ജിഹാദിന്റെ ശ്രേഷ്ഠതകൾ പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. രക്തസാക്ഷിത്വം, ജിഹാദിന്റെ ചരിത്രം, ധൈര്യം തുടങ്ങി 17 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകം ബർമിങ്ഹാമിലെ മക്തബ ബുക്ക് സെല്ലേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പുസ്തകം ഇന്റർനെറ്റിൽ സൗജന്യമായി ലഭ്യവുമാണ്.

ഇമാം ഇബ്‌നുന്നുഹാസ് എന്ന പേരിലാണ് ഗ്രന്ഥ കർത്താവ് പ്രസിദ്ധനായത്. ദമസ്‌കസിലാണ് ജനനം. പിന്നീട് ഈജിപ്തിലേക്ക് കുടിയേറി. ബൈസന്റൈൻ സേനയുമായുള്ള യുദ്ധത്തിൽ 1411ൽ അന്തരിച്ചു.

Similar Posts