Kerala
kerala state health dept not updating covid details in website
Kerala

കോവിഡ് കണക്കുകള്‍ വെബ്സൈറ്റില്‍ അപ്‍ഡേറ്റ് ചെയ്യുന്നത് നിര്‍ത്തി

Web Desk
|
9 April 2023 1:02 AM GMT

ഇന്നലെ സംസ്ഥാനത്ത് 1801 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ വെബ്സൈറ്റില്‍ ദിനംപ്രതി അപ്‍ഡേറ്റ് ചെയ്യുന്നത് ആരോഗ്യ വകുപ്പ് നിര്‍ത്തി. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിട്ട് പോലും ദിനേനയുള്ള കോവിഡ് കണക്ക് ആരോഗ്യ വകുപ്പ് പുറത്തുവിടുന്നില്ല. ഇന്നലെ സംസ്ഥാനത്ത് 1801 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ ദിനേന വാര്‍ത്താകുറിപ്പ് ഇറക്കുന്നത് ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചിരുന്നു. എന്നാലും ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റില്‍ മറ്റു പകര്‍ച്ചവ്യാധികള്‍ക്കൊപ്പം കോവിഡ് കണക്കുകളും നല്‍കിവന്നു. ഈ വിവരങ്ങള്‍ ഇപ്പോള്‍ അപ്‍ലോഡ് ചെയ്യുന്നില്ല.

മാര്‍ച്ച് 22ന് സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കോവിഡ് മരണക്കണക്കിലുണ്ടായ പിഴവിന് ശേഷം കോവിഡ് വിവരങ്ങളൊന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല. വെബ്സൈറ്റില്‍ അന്ന് വന്ന കണക്കനുസരിച്ച് കോവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ക്ലെറിക്കല്‍ അബദ്ധമാണെന്ന് പിന്നീട് ആരോഗ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ വെബ്സൈറ്റില്‍ ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകളും ലഭ്യമായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് പോര്‍ട്ടലിലേക്ക് മാത്രമാണ് ഇപ്പോള്‍ സംസ്ഥാനം വിവരങ്ങള്‍ നല്‍കുന്നത്. പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച സംസ്ഥാനത്ത് 1404 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച 1193 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

കണക്കുകളില്‍ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് കേന്ദ്ര പോര്‍ട്ടലിലേക്ക് മാത്രം വിവരങ്ങള്‍ അപ്‍ലോഡ് ചെയ്യുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് നിലവില്‍ കേരളം. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യമായ ജാഗ്രത പാലിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡിന്റെ വകഭേദമായ ഒമിക്രോണാണ് വ്യാപിക്കുന്നത്. വ്യാപനശേഷി കൂടുതലാണെങ്കിലും ഒമിക്രോണിന് തീവ്രതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം.



Related Tags :
Similar Posts