'ആഭ്യന്തരം അമ്പേ പരാജയം, മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആ വകുപ്പ് വഹിക്കാൻ അർഹതയില്ല'; യുദ്ധപ്രഖ്യാപനവുമായി പി.വി അൻവർ
|എന്തുകൊണ്ടാവും ഇപ്പോഴും എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, 'അയാൾ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായിരിക്കും' എന്നായിരുന്നു എംഎൽഎയുടെ മറുപടി.
മലപ്പുറം: മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ യുദ്ധപ്രഖ്യാപനവുമായി എൽഡിഎഫ് എംഎൽഎ പി.വി അൻവർ. മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള അർഹതയില്ലെന്നും അദ്ദേഹം അക്കാര്യത്തിൽ അമ്പേ പരാജയമാണെന്നും അൻവർ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരത്തിലായിരുന്നു ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്നത്. എന്തേ അദ്ദേഹം അറിയാതെപോയത്. ഈ ഇന്റലിജൻസും വിജിലൻസും ഈ സംവിധാനവുമൊക്കെ അന്നും കേരളത്തിൽ ഇല്ലേയെന്നും അൻവർ ചോദിച്ചു.
പ്രതിപക്ഷം പോലും ഉന്നയിക്കാത്ത തരത്തിലുള്ള വിമർശനങ്ങളാണ് ഇടതുപക്ഷ എംഎൽഎയിൽനിന്നും ഇന്നുണ്ടായത്. പാർട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിർത്തിയെന്ന് കഴിഞ്ഞദിവസം അൻവർ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അൻവർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ശക്തമായ വിമർശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അൻവർ, അദ്ദേഹമെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.
എന്തുകൊണ്ടാവും ഇപ്പോഴും എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, അയാൾ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായിരിക്കും എന്നായിരുന്നു എംഎൽഎയുടെ മറുപടി. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ അയാളെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് എന്നും അൻവർ ചോദിച്ചു. മരുമകന് നൽകുന്ന പഗിഗണന അജിത്കുമാറിനും നൽകുന്നു. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിൻ്റെ മുകളിലാണ്. തൻ്റെ അന്വേഷണത്തിൽ കുറേ കാര്യങ്ങൾ അറിഞ്ഞു. എല്ലാം പങ്കുവയ്ക്കാൻ കഴിയില്ല. അത് പാർട്ടിയെ ഇല്ലാതാക്കും. താൻ അറിഞ്ഞ കാര്യങ്ങൾ മുഴുവൻ പറഞ്ഞാൽ സഖാക്കൾ എകെജി സെന്റർ പൊളിച്ച് ഓടേണ്ടിവരും. പക്ഷേ തന്നെ കുടുക്കാൻ ആണ് ശ്രമം എങ്കിൽ നമുക്ക് അപ്പോൾ നോക്കാം.
നല്ലവരായ നേതാക്കളുടെ കൈയിൽ പാർട്ടി വരും എന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢ സംഘം പ്രവർത്തിക്കുന്നത്. കാട്ടുകള്ളനെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കി. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് പി.ശശിയാണ്. മുഖ്യമന്ത്രി തന്നെ വഞ്ചിച്ചു എന്ന് ആവർത്തിച്ച അൻവർ, അതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി.
വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രിക്കൊപ്പം എങ്ങനെ നിയമസഭയിൽ ഇരിക്കാൻ കഴിയും എന്ന ചോദ്യത്തിനും അൻവറിന് മറുപടിയുണ്ടായിരുന്നു. അവരേക്കാളും ഉളുപ്പിൽ താൻ ഇരിക്കുമെന്നും എന്നാൽ ഭരണപക്ഷത്തിന് ഒപ്പം ഇരിക്കില്ലെന്നും അൻവർ നിലപാട് വ്യക്തമാക്കി. നിയമസഭയിൽ വേറെയും ഇരിക്കാൻ സ്ഥലമുണ്ട്. എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ പങ്കെടുക്കില്ല. പാർട്ടി പ്രവർത്തകരിലാണ് തന്റെ വിശ്വാസം. ഇടത്- വലത് പക്ഷത്തേക്ക് ഇല്ല. താൻ നടുപക്ഷത്തു നിൽക്കുമെന്നും പി.വി അൻവർ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാലും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും അത് നടക്കുന്ന കാര്യമല്ലെന്നും അൻവർ കൂട്ടിച്ചേർത്തു.