Kerala
ബിജെപിക്കെതിരായ നീക്കങ്ങളും സംസ്ഥാനനേതൃത്വം ഏറ്റെടുക്കണം; സുധാകരനെ ഓർമിപ്പിച്ച് കെ മുരളീധരൻ
Kerala

'ബിജെപിക്കെതിരായ നീക്കങ്ങളും സംസ്ഥാനനേതൃത്വം ഏറ്റെടുക്കണം'; സുധാകരനെ ഓർമിപ്പിച്ച് കെ മുരളീധരൻ

Web Desk
|
9 Jun 2021 4:35 AM GMT

"സുധാകരന് ഒരു ശൈലിയുണ്ട്. അതുകൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. അണികൾ ഇപ്പോൾ ഒറ്റക്കെട്ടാണ്"

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും സംസ്ഥാന കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ. പുതിയ നേതൃത്വത്തിന് അതിനാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കെ സുധാകരന്റെ ശൈലി കൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

' തീരുമാനം എന്തായാലും എന്ന് നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടിയെ മുമ്പോട്ടു നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കും. ജംബോ കമ്മിറ്റികൾ പിരിച്ചുവിടുക, കഴിവുള്ളവരെ രംഗത്തേക്ക് കൊണ്ടുവരിക, ഗ്രൂപ്പിന്റെ അതിപ്രസരത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക തുടങ്ങി ഇന്നലെ അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് എനിക്ക് പൂർണമായി യോജിപ്പാണ്' - അദ്ദേഹം പറഞ്ഞു.

'രണ്ട് കാര്യങ്ങൾക്ക് പുതിയ നേതൃത്വം രൂപം നൽകണം. ഒന്ന്, ഗ്രൂപ്പുകൾ ഇല്ലാതായത് സ്വാഗതാർഹമാണ്. അതിന്റെ പേരിൽ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. രണ്ടാമത് കഴിഞ്ഞ അഞ്ചുവർഷം കോൺഗ്രസിനും യുഡിഎഫിനും സംഭവിച്ച പാളിച്ച സംസ്ഥാന കാര്യങ്ങളിൽ മാത്രം അഭിപ്രായങ്ങൾ പറയുകയും സമരം ചെയ്യുകയും ചെയ്തപ്പോൾ ബിജെപിയോട് ഒരു മൃദുസമീപനം കോൺഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാർട്ടിക്കുണ്ടായി. അതു കൊണ്ടാണ് ന്യൂനപക്ഷങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എതിരായ സമീപനം സ്വീകരിച്ചത്. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടേ ഉള്ളൂ.'- മുരളീധരൻ ചൂണ്ടിക്കാട്ടി.

'കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ ഏറ്റവും രൂക്ഷമായി മുമ്പോട്ടു പോകുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡീസൽ-പെട്രോൾ വില വർധന. വാക്‌സിനേഷന്റെ കാര്യത്തിലും കേന്ദ്രം എടുത്ത തീരുമാനം തെറ്റാണെന്ന് കോടതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് സംസ്ഥാന സർക്കാറിന് എതിരായുള്ള സമരം മാത്രം കേന്ദ്രനയങ്ങൾക്കെതിരായും ബിജെപിക്കെതിരായുമുള്ള നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ആണ് ഏറ്റെടുക്കേണ്ടത്. പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് എന്റെ വിശ്വാസം' - അദ്ദേഹം പറഞ്ഞു.

ഓരോരുത്തർക്ക് ഓരോ ശൈലിയുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സുധാകരന് ഒരു ശൈലിയുണ്ട്. അതുകൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. അണികൾ ഇപ്പോൾ ഒറ്റക്കെട്ടാണ്. അണികൾക്ക് വേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാറുകളെ തുറന്നു കാണിക്കുന്ന ഒരു നേതൃത്വമാണ്. ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും അവരോടൊപ്പം ഞങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts