സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്കോ; നാളെ ഉന്നതതല യോഗം ചേരും
|മഴയെത്തുമെന്ന പ്രതീക്ഷയിൽ കെ.എസ്.ഇി.ബി
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതടക്കം ചർച്ചചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും. ചില ഇടങ്ങളിലെ അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങിന് കാരണം സാങ്കേതിക പ്രശ്‌നമെന്ന് കെ.എസ.്ഇ.ബി വിശദീകരിച്ചു. ജീവനക്കാരെ ശത്രുക്കളായി കാണരുതെന്നും കെഎസ്ഇ.ബി പറഞ്ഞു. .
പകലും രാത്രിയും ഒരുപോലെ ചൂട് അനുഭവുപ്പെടുന്നതിനാൽ വൈദ്യുതി തടസ്സമുണ്ടായാൽ ജനം നേരെ എത്തുക കെഎസ്ഇബി ഓഫീസിലേക്കാണ്. പ്രതിഷേധവും സംഘർഷവും വർധിച്ചതോടെ വിശദീകരണവുമായി കെ.എസ.്ഇ.ബി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ വൈദ്യുതി ആവശ്യകത കണക്കാക്കിയിരുന്നത് രാത്രി 7 മണിക്കും 10നുമിടയിലായിരുന്നു. ഈ സാഹചര്യം മാറി ഇപ്പോൾ രാത്രി 10.30നാണ് ഏറ്റവും ഉയർന്ന ആവശ്യകത. ഇന്നലെ 5717 മെഗാവാട്ട് വരെ ഉയർന്നു. വേനലിൽ പരമാവധി 5500 മെഗാവാട്ട് വരെയേ ഏറ്റവും ഉയർന്ന ആവശ്യകത വേണ്ടി വരൂ എന്നായിരുന്നു അനുമാനം. 5800 മെഗാവാട്ട് വരെ താങ്ങാനാവുന്ന സംവിധാനമേ കെഎസ്ഇബിക്കുള്ളൂ. അതിന് മുകളിലേക്ക് പോയാൽ ഗുരുതര പ്രതിസന്ധിയുണ്ടാകും.
ഏറ്റവും ഉയർന്ന ആവശ്യകത കാരണം അമിത ലോഡ് പ്രവഹിക്കുമ്പോൾ ട്രാൻസ്‌ഫോമറുകൾ ട്രിപ്പാകും. ഇതാണ് വൈദ്യുതി തടസ്സത്തിന് കാരണം. കേന്ദ്ര പൂളിൽ വൈദ്യുതി കിട്ടാത്ത അവസ്ഥയുമുണ്ട്. എ.സിയുടെ കനത്ത ഉപയോഗമാണ് കെഎസ്ഇബിയെ വെട്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. സോളാർ സ്ഥാപിച്ചവരാണ് കൂടുതലായി എസി ഉപയോഗിക്കുന്നതെന്നാണ് നിഗമനം.
വ്യാഴാഴ്ച വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടക്കുക. മഴ തുടങ്ങഇയാൽ പ്രതിസന്ധിക്ക് അയവു വരും. ലോഡ് ഷെഡിങ് ഒഴിവാക്കി അതുവരെ കാത്തിരിക്കാനാകുമോ എന്നതാണ് ബോർഡിന് മുന്നിലെ പ്രശ്‌നം. ട്രാൻസ്‌ഫോമറുകളും ഫീഡർ ലൈനുകളും നവീകരിക്കാനുള്ള 4000 കോടി രൂപയുടെ ദ്യുതി പദ്ധതി രണ്ടുവർഷം മുമ്പ് നിർത്തിവച്ചിരിക്കുകയാണ്.ഇതാണ് ട്രാൻസ്‌ഫോമറുകൾ കേടാകാൻ കാരണമെന്ന് പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ദ്യുതി പദ്ധതി നിർത്തിവച്ചത്.