സംസ്ഥാന വ്യാപകമായി ഫ്രട്ടേണിറ്റി പ്രതിഷേധം; മലപ്പുറത്ത് ദേശീയ പാത ഉപരോധിച്ചു
|ആയിഷ റെന്ന ഉള്‍പ്പെടെ 10 പേര് അറസ്റ്റില്‍
മലപ്പുറം: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ അടിച്ചു തകർത്ത യുപി പൊലീസ് നടപടിക്കെതിരെ കേരളത്തിലുടനീളം ഫ്രട്ടേണിറ്റി മൂവ്മെൻറ് പ്രതിഷേധം. മലപ്പുറത്ത് ദേശീയ പാത ഉപരോധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ഫ്രട്ടേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ആയിഷ റെന്ന, ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാരെ പൊലീസ് പിന്നിൽ നിന്ന് മർദിച്ചു. അയിഷ റെന്നെയെ പൊലീസ് വാഹനത്തിനകത്തിട്ടും മർദനത്തിനിരയാക്കി.
കണ്ണൂരിൽ ഫ്രട്ടേണിറ്റി പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത 18 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടും തിരുവനന്തപുത്തും റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു. മുതലക്കുളത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ റെയിൽവേ സ്റ്റേഷനകത്ത് കയറി അരമണിക്കൂറോളം ട്രാക്കിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച ഫ്രട്ടേണിറ്റി ദേശിയ സെക്രട്ടറി അഫ്രീൻ ഫാത്തിമ ഉൾപ്പെടെ ഉള്ളവരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത യുപി പൊലീസ് നടപടിക്കെതിരെയാണ് ഫ്രട്ടേണിറ്റി പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്.