ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളേയും പിടിക്കാൻ പൊലീസിന്റെ സംസ്ഥാന വ്യാപക പരിശോധന ഇന്നും തുടരും
|കാപ്പ ചുമത്തപ്പെട്ട പ്രതികൾക്ക് പുറമെ, ലഹരി സംഘങ്ങൾ, പിടികിട്ടാപ്പുള്ളികൾ എന്നിവരെയും പിടികൂടാനാണ് പൊലീസ് ശ്രമം.
തിരുവനന്തപുരം: ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കും വേണ്ടി പൊലീസ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന ഇന്നും തുടരും. ഇന്നലെ നടന്ന പരിശോധനയിൽ തിരുവനന്തപുരം നഗരത്തിൽ മാത്രം അറസ്റ്റിലായത് മൂന്ന് പേരാണ്. കാപ്പ ചുമത്തപ്പെട്ട നേമം സ്വദേശി അഖിൽ ദേവ്, ഒട്ടേറെ കേസുകളിൽ പ്രതിയായ വിഴിഞ്ഞം സ്വദേശി ശ്രീജിത്ത്, ബീമാപള്ളി സ്വദേശി സജാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 250ഓളം പൊലീസ് ഉദ്യോഗസ്ഥർ 30 പ്രത്യേക സംഘങ്ങളായാണ് തിരുവനന്തപുരം നഗരത്തിൽ മാത്രം ഇന്നലെ പരിശോധന നടത്തിയത്.
ആറ് സ്ഥലങ്ങളിൽ വാഹന പരിശോധനയും നടത്തി. കാപ്പ ചുമത്തപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്ന ഓപ്പറേഷൻ ആഗ്, ലഹരി അമർച്ച ചെയ്യുന്ന ഓപ്പറേഷൻ ഡി- ഹണ്ട് എന്നിവയുടെ കീഴിലാണ് പരിശോധന. കാപ്പ ചുമത്തപ്പെട്ട പ്രതികൾക്ക് പുറമെ, ലഹരി സംഘങ്ങൾ, പിടികിട്ടാപ്പുള്ളികൾ എന്നിവരെയും പിടികൂടാനാണ് പൊലീസ് ശ്രമം. കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം തിരുവനന്തപുരം കരമനയിൽ ലഹരിസംഘം വീണ്ടും കൊല നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
തൃശൂരിൽ ഗുണ്ടാ നേതാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സംഘടിപ്പിച്ച പാർട്ടിയും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഗുണ്ടാ നേതാവ് അനൂപ് സംഘടിപ്പിച്ച പാർട്ടിയിൽ കാപ്പ ചുമത്തപ്പെട്ട ഗുണ്ടകൾ പങ്കെടുത്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 10 ദിവസം നീണ്ടുനിൽക്കുന്ന പരിശോധന ആവശ്യമെങ്കിൽ നീട്ടാനും പൊലീസ് ആലോചിക്കുന്നുണ്ട്.