അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവില്ലെന്ന് വനിതാ കമ്മീഷന്‍
|നൂറുകണക്കിന് ആദിവാസി യുവതികൾക്ക് വിളർച്ചയുണ്ടെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ടുള്ളപ്പോഴാണ് അട്ടപ്പാടിയിൽ പോഷകാഹാരക്കുറവില്ലെന്ന വനിതാ കമ്മീഷന്റെ കണ്ടെത്തൽ.
അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ പോഷകാഹാരക്കുറവില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സമഗ്ര പഠനം ആവശ്യമാണെന്ന് അട്ടപ്പാടി സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. നൂറുകണക്കിന് ആദിവാസി യുവതികൾക്ക് വിളർച്ചയുണ്ടെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ടുള്ളപ്പോഴാണ് അട്ടപ്പാടിയിൽ പോഷകാഹാരക്കുറവില്ലെന്ന വനിതാ കമ്മീഷന്റെ കണ്ടെത്തൽ.
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് അട്ടപ്പാടിയില്‍ വനിതാ കമ്മീഷന്‍റെ സന്ദര്‍ശനം നടന്ന് വരികയാണ്. അട്ടപ്പാടിയിൽ ജനിതകപരവും ജീവിത ശൈലി പരവുമായ പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ ആദിവാസി ഊരുകളിൽ ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും ഇല്ലെന്നുമാണ് വനിതാ കമ്മീഷൻറെ കണ്ടെത്തൽ. അട്ടപ്പാടിയിലെ ആരോഗ്യമേഖലയിൽ സമഗ്ര പഠനംനടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
ജനനി ജന്മരക്ഷാ പദ്ധതി അട്ടപ്പാടിയില്‍ മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സർക്കാറിന്റെ ജനനി ശിശു സുരക്ഷ കാര്യക്രമ്, മാതൃവന്ദനം പദ്ധതികള്‍ കൊവിഡിന് ശേഷംനിര്‍ത്തലാക്കി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വിശദീകരണം തേടും. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജാഗ്രതാസമിതികള്‍ രൂപീകരിക്കും. മൂന്ന് മാസത്തിലൊരിക്കല്‍ അവലോകനം നടത്തുമെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. സമഗ്രമായ കാർഷിക പദ്ധതികൾ നടപ്പിലാക്കാനും ഷെല്‍ട്ടര്‍ ഹോം തുറക്കാനും ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കുന്നൻചാള, അഗളി മേലെ ഊര്, അംഗനവാടികൾ, സമൂഹ അടുക്കള, സാമൂഹ്യ പഠന മുറികൾ തുടങ്ങിയവ സന്ദർശിച്ച കമ്മീഷൻ അംഗങ്ങൾ ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു.
State Women's Commission says there is no malnutrition in the tribal areas of Attappadi. P Sathi Devi, chairperson of the Women's Commission, who visited Attappadi, said that a comprehensive study was needed on the health sector in Attappadi.