മുട്ടിൽ മരംമുറി കേസ് പ്രതി എൻ.ടി സാജന്റെ പുതിയ നിയമനത്തിന് സ്റ്റേ
|ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായുള്ള നിയമനമാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്
കൊച്ചി: മുട്ടിൽ മരംമുറി കേസിലെ പ്രതി എൻ.ടി സാജന്റെ പുതിയ നിയമനത്തിന് സ്റ്റേ. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായുള്ള നിയമനമാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. കേസിൽ ട്രൈബ്യൂണൽ സർക്കാരിന്റെ നിലപാട് തേടി. സാജന്റെ നിയമനം ചട്ടവിരുദ്ധം ആണെന്നായിരുന്നു ഹരജിയിലെ ആരോപണം.
മുട്ടിൽ മുറികേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണം നേരിട്ട വനം വകുപ്പ് ഉദ്യോഗസ്ഥൻ എൻ. ടി.സാജൻ വിരമിക്കാൻ ഇനി ആറു മാസ മാത്രമാണുള്ളത്. മുട്ടിൽ മരം മുറി പ്രശ്നത്തിൽ എൻ. ടി.സാജനെതിരെ വകുപ്പുതല നടപടി വേണമെന്ന ശിപാർശ അവഗണിച്ച സർക്കാർ എല്ലാ ചട്ടവും മറികടന്ന് അദ്ദേഹത്തെ തെക്കൻ മേഖലയുടെ മുഴുവൻ ചുമതലയുള്ള ചീഫ് കൺസർവേറ്ററാക്കിയിരിക്കുകയാണ്. കൊല്ലത്തെ സാമൂഹിക വനവത്കരണ വിഭാഗത്തിൽ നിന്ന് നേരത്തെ അദ്ദേഹത്തെ കണ്ണൂരിലെ ഉത്തര മേഖലാ വനം ആസ്ഥാനത്തേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. ഇത് വനം മന്ത്രി അനുവദിച്ചില്ല. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ തിരികെ മുട്ടിൽ ഉൾപ്പെടുന്ന പ്രദേശത്തേക്ക് മാറ്റുന്നത് ഉചിതമല്ല എന്നാണ് എ.കെ ശശീന്ദ്രൻ അന്ന് ഫയലിൽ കുറിച്ചത്. അതിനു ശേഷമാണ് എൻ. ടി.സാജനെ കൊല്ലത്തു തന്നെ അധികാരസ്ഥാനത്ത് നിയമിക്കാൻ നീക്കം തുടങ്ങിയത്.