അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി; പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി യുവതി
|സംഭവത്തിൽ ജീവനക്കാർ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
കോട്ടയം: അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയതിന്റെ പേരിൽ യുവതി പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. കോട്ടയം പായിപ്പാട് പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് അധികൃതർ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി.
പായിപ്പാട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ അനധികൃത നിർമാണം നടക്കുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയും പെർമിറ്റ് എടുത്തതിനുശേഷം മാത്രമേ നിർമാണം അനുവദിക്കുവെന്ന് ഉടമയായ യുവതിയെ അറിയിക്കുകയും ചെയ്തു.
എന്നാൽ ഇവർ വീണ്ടും നിർമാണം തുടർന്നതോടെ നാട്ടുകാർ വീണ്ടും പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഈ നടപടിയിൽ പ്രകോപിതയായ യുവതി പഞ്ചായത്ത് ഓഫീസിലേക്ക് എത്തി സെക്രട്ടറിയെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ലിറ്റി തോമസ് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ജീവനക്കാർ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രതിഷേധയോഗവും നടത്തി. എന്നാൽ സ്ഥലമുടമയായ യുവതി ആരോപണങ്ങൾ നിഷേധിച്ചു.