ചെറുകഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു
|കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്
പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ തോമസ് ജോസഫ് അന്തരിച്ചു. എറണാകുളം ആലുവ കീഴുമാട് ഉള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് കളമശേരിയില്‍ നടക്കും. മസ്തിഷ്‌കാഘാത ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നു വര്‍ഷമായി ചികിത്സയിലായിരുന്നു.
മലയാള സാഹിത്യ ലോകത്ത് തന്‍റേതായ ഇടം എഴുതിച്ചേർത്താണ് ചെറുകഥാകൃത്ത് തോമസ് ജോസഫ് യാത്രയാകുന്നത്. 67 വയസായിരുന്നു. പക്ഷാഘാതം തളർത്തിയ ശരീരവുമായി കഴിഞ്ഞ മൂന്നു വർഷമായി കിടപ്പിലായിരുന്നു. 2013 ൽ 'മരിച്ചവര്‍ സിനിമ കാണുകയാണ്' എന്ന ചെറുകഥയ്ക്ക് കേരളസാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ചിത്രശലഭങ്ങളുടെ കപ്പല്‍, ഒരു ഇരുണ്ട സസ്യമായി ചുറ്റിപിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, നോവല്‍ വായനക്കാരന്‍, ദൈവത്തിന്‍റെ പിയാനോയിലെ പക്ഷികള്‍, പരലോക വാസസ്ഥലങ്ങള്‍, പൈപ്പിന്‍ ചുവട്ടിലെ മൂന്ന് സ്ത്രീകള്‍ എന്നിവ പ്രധാന കൃതികളാണ്.
കൃതിയുടെ പേരുകളിൽ പോലും തോമസ് ജോസഫ് കൈമുദ്ര ചാർത്തി. എസ്.ബി.ടി. സാഹിത്യ പുരസ്‌കാരം, കെ.എ. കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, 2009ല്‍ കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ചന്ദ്രിക, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങളില്‍ തോമസ് ജോസഫ് ജോലി ചെയ്തിരുന്നു . മലയാള സാഹിത്യ ലോകത്തിനു ഉജ്വല സംഭാവന നൽകിയ തോമസ് ജോസഫിന്‍റെ അവസാന നാളുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു.