'അന്യഗ്രഹ ജീവികളുമായി സംസാരിച്ചു, ദിനോസറുകൾ മറ്റ് ഗ്രഹങ്ങളിലേക്ക് പോയി'; അരുണാചലിൽ മരിച്ച ആര്യയുടെ ലാപ്‌ടോപ്പിൽ വിചിത്ര രേഖകൾ
|ഭൂമി അധികനാൾ നിലനിൽക്കില്ലെന്നും രേഖകളില്‍ വാദിക്കുന്നു
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടെ ലാപ്ടോപ്പിലെ വിവരങ്ങൾ പുറത്ത്. ഭൂമി അധികനാൾ നിലനിൽക്കില്ലെന്ന് വാദിക്കുന്ന വിചിത്ര രേഖകളാണ് ലാപ്ടോപ്പിലുള്ളത്. ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നും മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും രേഖകളിൽ പറയുന്നു. ആൻഡ്രോമീഡ ഗാലക്സിയിൽ നിന്നുള്ള അന്യഗ്രഹ ജീവിയുമായി സംഭാഷണം നടത്തിയതായി അവകാശപ്പെടുന്ന രേഖകളാണ് കണ്ടെത്തിയത്.2010 മുതല്‍ അന്യഗ്രഹ ജീവിയുമായി സംസാരിച്ചെന്നാണ് അവകാശവാദം.
മരണാനന്തര ജീവിതത്തെക്കുറിച്ചല്ല, അന്യഗ്രഹ ജീവിതത്തെക്കുറിച്ചാണ് മരിച്ച ആര്യയും നവീനും ദേവിയും കൂടുതലായി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിരുന്നെതന്ന നിഗമനത്തിലാണ് പൊലീസ്. ഭൂമിയില്‍ ഊര്‍ജം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇനി ഇവിടെ ജീവിക്കുന്നത് അപകടകരമാണെന്നും മറ്റ് ഗ്രഹങ്ങളിലേക്ക് പോകാം എന്നുമാണ് ലാപ്ടോപ്പില്‍ കണ്ടെത്തിയ രേഖകളില്‍ പറയുന്നത്.മനുഷ്യവാസമുള്ള നൂറുക്കണക്കിന് ഗ്രഹങ്ങള്‍ വേറെയും ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം. അത്തരത്തിലുള്ള ഗ്രഹങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.ഇത്തരത്തിലുള്ള നൂറുക്കണക്കിന് വിചിത്രമായ കാര്യങ്ങളാണ് രേഖകളിലുള്ളത്.
ചൊവ്വാഴ്ചയാണ് മലയാളി ദമ്പതികളെയും യുവാവിനെയും അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശികളായ നവീന്‍ , ഭാര്യ ദേവി, എന്നിവര്‍ക്കൊപ്പമാണ് ആര്യയെ അരുണാചൽപ്രദേശിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സിറോ താഴ്വര. ആര്യയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ മാസം 27ന് പൊലീസിൽ പരാതി നൽകിയിരുന്നു.ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഹോട്ടൽ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.