തിരുവനന്തപുരത്ത് കോളജ് വിദ്യാർഥിയെ തെരുവ് നായ കടിച്ചു
|അഭയയുടെ കൈയിലാണ് നായയുടെ കടിയേറ്റത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കല്ലറ കുറ്റിമൂടിൽ കോളജ് വിദ്യാർഥിയെ തെരുവ് നായ ആക്രമിച്ചു. കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് കടിയേറ്റത്. അഭയയുടെ കൈയിലാണ് നായയുടെ കടിയേറ്റത്. സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്.
തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവിന് തെരുവു നായയുടെ കടിയേറ്റിരുന്നു. വെങ്ങിണിശേരി സ്വദേശി ജിനുവിനാണ് തെരുവു നായയുടെ കടിയേറ്റത്. വലിയാലുക്കൽ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടയിയിരുന്നു സംഭവം. ബോൾ എടുക്കാൻ പോയപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന തെരുവുനായ ജിനുവിന്റെ കാലില്‍ കടിച്ചത്.
ഇന്നലെ പത്തനംതിട്ടയിൽ മജിസ്രേറ്റടക്കം രണ്ട് പേർക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സി ഒന്നിലെ മജിസ്ട്രേറ്റിനാണ് കടിയേറ്റത്.
സായാഹ്ന നടത്തത്തിനിടെ പത്തനംതിട്ട വെട്ടിപ്പുറത്ത് വച്ചാണ് ഇദ്ദേഹത്തെ നായ കടിച്ചത്. നഗരത്തിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടിയേറ്റ മറ്റൊരാൾ. ഇരുവരും ആശുപത്രിയിലെത്തി ചികിത്സ തേടി.
ഇന്നലെ മലപ്പുറത്തും പാലക്കാട്ടും തെരുവുനായ ആക്രമണമുണ്ടായിരുന്നു. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്തിലുള്ള വയോധികയ്ക്കാണ് നായയുടെ കടിയേറ്റത്. 91കാരിയായ ചിരുതയെ തെരുവുനായ വീട്ടിൽ കയറി കടിക്കുകയായിരുന്നു. പാലക്കാട് തച്ചനാട്ടുകരയിൽ വിനോദിനി എന്ന സ്ത്രീക്കാണ് കടിയേറ്റത്. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.