തെരുവുനായ വന്ധ്യംകരണം; പേരാമ്പ്രയിലെ കേന്ദ്രം അടച്ചുപൂട്ടി
|സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുമ്പോഴാണ് വന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടിയത്.
കോഴിക്കോട്: തെരുവുനായ വന്ധ്യംകരണത്തിനായി കോഴിക്കോട് പേരാമ്പ്രയിൽ തുടങ്ങിയ എബിസി സെന്റർ അടച്ചുപൂട്ടി. സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുമ്പോഴാണ് വന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടിയത്.
2018ലാണ് പേരാമ്പ്രയിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടി ഒരു വന്ധ്യംകരണ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്താണ് സെന്ററിന്റെ പ്രവർത്തനം തുടങ്ങിയത്. എന്നാൽ അധികംതാമസിയാതെ തന്നെ കേന്ദ്രത്തിന് പൂട്ടിടുകയായിരുന്നു.
സംസ്ഥാനത്ത് ഈ വർഷം തന്നെ 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. വാക്സിനെടുത്തിട്ടും ഫലപ്രാപ്തിയിലെത്താത്തെ കേസുകളുമുണ്ട്. ഈ സാഹചര്യത്തില്‍ തെരുവനായ ശല്യം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രധാനമായും കാണുന്ന മാര്‍ഗമാണ് വന്ധ്യംകരണം. അതിനു വേണ്ടി തുടങ്ങിയ കേന്ദ്രമാണിപ്പോള്‍ അടച്ചുപൂട്ടിയത്.
ഒരു പ്രദേശത്തുനിന്ന് വന്ധ്യംകരിക്കാനായി കൊണ്ടുപോകുന്ന നായകളെ അതിനു ശേഷം തിരിച്ച് അതേ പ്രദേശത്തുതന്നെ കൊണ്ടുവിടുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍ നാട്ടുകാര്‍ നിരന്തരം പ്രശ്നമുണ്ടാക്കുന്നു എന്നും ഇതാണ് സെന്റര്‍ അടച്ചുപൂട്ടലിലേക്ക് നയിച്ചതെന്നുമാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത് തെരുവുനായ ശല്യം രൂക്ഷമാക്കുന്നുണ്ട്.
ജില്ലയില്‍ തെരുവനായ ശല്യം കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് പേരാമ്പ്ര. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലൊന്നാണ് അടച്ചുപൂട്ടിയത്. ഇനി ജില്ലയില്‍ വെള്ളിമാടുകുന്ന് മാത്രമാണ് വന്ധ്യംകരണ കേന്ദ്രം അവശേഷിക്കുന്നത്.