തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; കേസെടുക്കാൻ ഹൈക്കോടതി നിർദേശം
|മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയോട് കേസെടുക്കാൻ നിർദേശം നല്‍കിയത്
കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയോട് കേസെടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. പന്ത്രണ്ടോളം തെരുവ് നായകളെയാണ് കഴിഞ്ഞ ദിവസം കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിൽ ചത്തനിലയിൽ കണ്ടെത്തിയത്. കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ ഭാഗങ്ങളിലാണ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. കൊച്ചി ഏരൂരിലും നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.കോട്ടയം പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടി തൂക്കുകയും ചെയ്തിരുന്നു.
വിഷം ഉള്ളിൽ ചെന്നാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. എന്നാൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയതിൽ പ്രതിഷേധമറിയിച്ച് മൃഗസ്‌നേഹികൾ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് കേസെടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം,സംസ്ഥാനത്ത് ഇന്നും വ്യാപക തെരുവ് നായ ആക്രമണമാണുണ്ടായത്. തിരുവനന്തപുരം അരുവിയോട്ടിൽ തെരുവ് നായ ബൈക്കിന് കുറുകെചാടി അപകടത്തിൽപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കുന്നത്തുകാൽ സ്വദേശി അജിൻ എ എസ് ആണ് മരിച്ചത്. അജിന്റെ കുടുംബത്തിന് സർക്കാർ നഷ്ട പരിഹാരം നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വളർത്തു മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു.