തിരുവനന്തപുരത്ത് നായകൾ കൂട്ടത്തോടെ ചത്തനിലയിൽ; വിഷം കൊടുത്ത് കൊന്നതെന്ന് പരാതി
|തങ്ങള്‍ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന നായകളേയും വളർത്തുനായകളേയും ചത്ത നിലയില്‍ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
തിരുവനന്തപുരം: വഞ്ചിയൂർ ചിറക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. വളർത്തു നായ്ക്കളടക്കം പത്തോളം നായ്ക്കളാണ് ചത്തത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പരാതി. രാത്രി നായകള്‍ക്ക് ഒരാള്‍ ഭക്ഷണം കൊടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
തങ്ങള്‍ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന നായകളേയും വളർത്തുനായകളേയും ചത്ത നിലയില്‍ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. രാത്രി 10.45ഓടെ കാറിലെത്തിയ ഒരാള്‍ ഭക്ഷണപ്പൊതി വച്ചുകൊടുക്കുകയായിരുന്നെന്നും നായകളെ വിഷം കൊടുത്തുകൊന്ന സംഭവം കോര്‍പറേഷന്‍ അധികൃതരെ അറിയിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, നായകള്‍ക്ക് വിഷം കലര്‍ന്ന ഭക്ഷണം കൊടുത്തത് ആരാണെന്ന് വ്യക്തമായിട്ടില്ല. മുമ്പും സമാനമായി നായകള്‍ ചത്തൊടുങ്ങിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോര്‍പറേഷനും പൊലീസും നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
ചത്ത നായകള്‍ ഉച്ച കഴിഞ്ഞിട്ടും റോഡില്‍ തന്നെ കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇവയെ മാറ്റുന്നത് സംബന്ധിച്ച് കോര്‍പറേഷന്‍ കൗണ്‍സിലറും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. നായകള്‍ക്ക് നല്‍കിയ ഭക്ഷണത്തിന്റെ ഒരു ഭാഗം ശേഖരിച്ച നാട്ടുകാര്‍, ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.
കഴിഞ്ഞദിവസങ്ങളിൽ കോട്ടയത്തും എറണാകുളം ഏരൂരിലും നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ
ചങ്ങനാശേരിയിൽ നായയെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തിരുന്നു. മൂന്ന് സംഭവങ്ങളിലും പൊലീസ് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തിരുന്നു.