മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക; കോൺഗ്രസിന്റെ അനിശ്ചിതകാല സമരം തുടരുന്നു
|ആവശ്യങ്ങൾ അംഗീകരിക്കാതെ സത്യാഗ്രഹം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുക, 24 മണിക്കൂറും ആംബുലൻസ് സർവീസ് ഏർപ്പെടുത്തുക, മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കോൺഗ്രസ് രാപ്പകൽ മുതലപ്പൊഴിയിൽ സമരം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം ഉദ്ഘാടനം ചെയ്യാനെത്തിയത്. വി.ഡി സതീശന്റെ നിർദേശപ്രകാരം രാപ്പകൽ സമരം അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു.
പൊഴിയിൽ ഡ്രെജ്ജിംഗ് നടത്താൻ അദാനി കമ്പനിയോട് ആവശ്യപ്പെടാൻ സർക്കാരിന് ഇച്ഛാശക്തി ഉണ്ടോ എന്നതാണ് ചോദ്യം എന്ന് വി ഡി സതീശൻ പറഞ്ഞു. വിഷയം നിയമസഭയിൽ നിരവധി തവണ ഉന്നയിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറായില്ല. ആവശ്യങ്ങൾ അംഗീകരിക്കാതെ സത്യാഗ്രഹം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. ഒരിടവേളയ്ക്ക് ശേഷം മുതലപ്പൊഴി വീണ്ടും സമരങ്ങൾക്ക് വേദിയാവുകയാണ്.