ശക്തമായ ആകാശ ചുഴി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
|ഐഷ സുൽത്താനയെ ചോദ്യം ചെയ്ത ശേഷം കവരത്തിയിലേക്ക് മടങ്ങുമ്പോഴായിരുന്നു എസ്.ഐക്ക് അപകടം സംഭവിച്ചത്
നെടുമ്പാശ്ശേരി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അതിശക്തമായ ആകാശ ചുഴിയില്‍പ്പെട്ട് തിരിച്ചിറക്കി. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്ക് വിമാനം പുറപ്പെട്ടത്. ലാന്‍ഡിങ്ങിന് അഞ്ചുമിനിറ്റ് മുൻപാണ് അപകടം ഉണ്ടായത്. പെെലറ്റിന്റെ സമയോചിതമായ തീരുമാനം മൂലമാണ് വിമാനം നിയന്ത്രണ വിധേയമായത്.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിമാനത്തിലെ ഒരു എയർ ഹോസ്റ്റ്സിനും കവരത്തി എസ്.ഐ അമീര്‍ ബിന്‍ മുഹമ്മദി (ബെന്നി) നുമാണ് പരിക്കേറ്റത്. എയർ ഹോസ്റ്റസിന്റെ കൈ ഒടിയുകയും ബെന്നിയുടെ തലയിലുമാണ് പരിക്കേറ്റിരിക്കുന്നത്. ഐഷ സുൽത്താനയെ ചോദ്യം ചെയ്ത ശേഷം കവരത്തിയിലേക്ക് മടങ്ങുമ്പോഴായിരുന്നു എസ്.ഐക്ക് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കിയത്. 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ഹോട്ടലിലേക്ക് മാറ്റി. ഇന്ന് മറ്റൊരു വിമാനത്തിൽ ഇവർക്ക് യാത്രാ സൗകര്യം ഒരുക്കും.