ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ
|നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് പ്ലസ് ടു ലവൽ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്
തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് പ്ലസ് ടു ലവൽ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്.
മലയിൻകീഴ് സ്വദേശി 23 വയസ്സുള്ള അദിത്, കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനായ വിളവൂർക്കൽ സ്വദേശി വേണുഗോപാലൻ നായർ എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച പള്ളിപ്പുറം സി.പി.ആര്‍.എഫ് കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന പരീക്ഷയിലാണ് ആൾമാറാട്ടം നടത്തി അദിത് പരീക്ഷയെഴുതാനെത്തിയത്. മിഥുൻ എന്ന വിദ്യാർഥിക്ക് പകരക്കാരനായാണ് ഇയാൾ എത്തിയത്. ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം കണ്ടെത്തിയത്. തുടർന്ന് ഇയാളെ തടഞ്ഞ് വച്ച് മംഗലപുരം പൊലീസിനു കൈമാറുകയായിരുന്നു.
പരീക്ഷയെഴുതാൻ അദിതിനെ ചുമതലപ്പെടുത്തിയതിനാണ് കോച്ചിംഗ് സെന്‍റര്‍ ഉടമ വേണുഗോപാലൻ നായരെ പൊലീസ് അറസ്റ്റു ചെയ്തത്. തമ്പാനൂരിൽ തൂലിക എന്ന പേരിൽ ഓപ്പൺ സ്ക്കൂൾ കോച്ചിംഗ് സെന്‍റര്‍ നടത്തുകയാണ് വേണുഗോപാലൻ നായർ. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.