Kerala
Student and Teachers Organizations seeks reconsider normalization of Kerala Engineering Entrance Exam Ranking
Kerala

എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിങ്; നോർമലൈസേഷൻ പുനഃപരിശോധിക്കണമെന്ന് സംഘടനകൾ

Web Desk
|
19 July 2024 1:23 AM GMT

നോർമലൈസേഷനിൽ 27 മാർക്ക് നഷ്ടമായതിനെ തുടർന്ന് സ്റ്റേറ്റ് സിലബസിലെ വിദ്യാർഥികളുടെ റാങ്ക് 3000 മുതൽ 5000 വരെയാണ് കുറഞ്ഞത്.

കോഴിക്കോട്: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിങ്ങിലെ നോർമലൈസേഷൻ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് വിദ്യാർഥി- അധ്യാപക സംഘടനകൾ. റാങ്കിങ്ങിൽ സ്റ്റേറ്റ് സിലബസിലെ വിദ്യാർഥികൾ പിന്നാക്കം പോയ സാഹചര്യത്തിലാണ് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഈ വർഷം നോർമലൈസേഷനിൽ 27 മാർക്ക് സ്റ്റേറ്റ് സിലബസിലെ വിദ്യാർഥികൾക്ക് നഷ്ടമായതാണ് റാങ്കിങ്ങിൽ പിന്നാക്കം പോകാൻ കാരണം.

നോർമലൈസേഷനിൽ 27 മാർക്ക് നഷ്ടമായതിനെ തുടർന്ന് സ്റ്റേറ്റ് സിലബസിലെ വിദ്യാർഥികളുടെ റാങ്ക് 3000 മുതൽ 5000 വരെയാണ് കുറഞ്ഞത്. പ്രവേശന പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയാലും പരമാവധി 573 മാർക്ക് മാത്രമേ നേടാനാകൂ. നിലവിലെ നോർമലൈസേഷൻ മാനദണ്ഡങ്ങളാണ് ഈ സ്ഥിതിയുണ്ടാക്കിയതെന്ന വിമർശനമാണ് വിദ്യാർഥികൾ ഉയർത്തിയത്. പിന്നാലെയാണ് അധ്യാപക- വിദ്യാർഥി സംഘടനകളുടെ ഇടപെടൽ.

പുനഃപരിശോധന ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി. സാധാരണക്കാരായ വിദ്യാർഥികളുടെ സ്വപ്‌നങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടു. നോർമലൈസേഷൻ നടപടികൾ ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു. പ്രതിപക്ഷ അധ്യാപക സംഘടനകളും നിലവിലെ നോർമലൈസേഷൻ മാനദണ്ഡങ്ങൾക്കെതിരെ രംഗത്തെത്തി. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.

Similar Posts