വിദ്യാര്‍ഥി കണ്സഷന് നിരക്ക്; ഡോ.കെ. രവി രാമന് റിപ്പോര്‍ട്ട് വൈകുന്നു
|നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം: വിദ്യാർഥി കണ്സഷന് നിരക്ക് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് വൈകുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ. രവി രാമന് അധ്യക്ഷനായ സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കണ്സഷന് നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം.
വിദ്യാര്‍ഥി കണ്സഷന് നിരക്ക് വര്‍ധിപ്പിക്കണമെന്നത് സ്വകാര്യ ബസുകാര് വര്‍ഷങ്ങളായി ഉന്നയിക്കുന്ന വിഷയമാണ്. അത് പഠിക്കാനായി ഡോ.കെ രവി രാമന് കമ്മിറ്റിയെ 2022 ആഗസ്റ്റില്‍ നിയോഗിച്ചു. നാറ്റ്പാക് മുന്‍ ഡയറക്ടര്‍ ഡോ. ബി.ജി ശ്രീദേവി, ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐ.പി.എസ് എന്നിവര്‍ അംഗങ്ങളുമാണ്. ഒരു വര്‍ഷം പിന്നിട്ടിട്ടും സമിതി റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സമഗ്രമായി പഠിച്ച് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടായതിനാല്‍ കുറച്ച് കൂടി സമയമെടുക്കുമെന്നാണ് ഡോ. കെ. രവിരാമന്‍ പ്രതികരിച്ചത്. കണ്സഷന് നിരക്ക് വര്‍ധിപ്പിക്കാതെ വ്യവസായം മുന്നോട്ടു പോകാനാകില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.
നിലവിലെ ഒരു രൂപ നിരക്ക് ആറ് രൂപയായി ഉയര്‍ത്തണമെന്നതാണ് ബസുടമകളുടെ ആവശ്യം. ബസ് നിരക്ക് സംബന്ധിച്ച് ആദ്യം പഠിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയായി ഉയര്‍ത്താമെന്നായിരുന്നു ശിപാര്‍ശ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും നിലവിലുള്ള കണ്സഷന് നിരക്ക് തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പകരം വിദ്യാര്‍ഥി കണ്സഷന് പഠിക്കാന്‍ സമിതിയെ നിയോഗിക്കുകയായിരുന്നു.