മഹാരാജാസിലെ അറബിക് അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി വിദ്യാർഥിനികൾ
|അധ്യാപകൻ വംശീയമായി അധിക്ഷേപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി
കൊച്ചി: മഹാരാജാസ് കോളേജ് അറബിക് അധ്യാപകൻ ഡോ. കെ എം നിസാമുദ്ധീനെതിരെ പോലീസിൽ പരാതി. കോളജിലെ മൂന്നാം വർഷ വിദ്യാർഥിനികളാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അധ്യാപകൻ വംശീയമായി അധിക്ഷേപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും എസ്‌എച്ച്‌ഒക്ക് നൽകിയ പരാതിയിൽ വിദ്യാർഥിനികൾ പറയുന്നു. ജനുവരി 15ന് അറബിക് ഡിപ്പാർട്ട്മെന്റിൽ നടന്ന വിദ്യാർഥി സംഘർഷത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ പക്ഷാപാതപരമായ സമീപനം തുറന്നുകാട്ടിയതാണ് ഭീഷണിക്ക് കാരണമെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നു.
'എന്റെ പാർട്ടി ചോദ്യം ചെയ്യാൻ നീയാരാണ്?' എന്നുചോദിച്ചാണ് അധ്യാപകൻ ഫോണിൽ വിളിച്ചത്. മൂന്ന് മാസം സസ്‌പെൻഷൻ വാങ്ങിത്തരുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
നേരത്തെ, നിസാമുദ്ദീനെതിരെ വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നല്കിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പോലീസിനെ സമീപിച്ചത്. നിസാമുദ്ദീനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് അറബിക് വിഭാഗം വിദ്യാർഥിനികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. അധ്യാപകനെതിരെ നടപടിയെടുത്തതിന് ശേഷം ക്ലാസിൽ കയറാമെന്ന നിലപാടിലാണ് വിദ്യാർഥികൾ. അതേസമയം, അന്വേഷണസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ അധ്യാപകനെതിരെ നടപടിയെടുക്കാനാകൂ എന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
രാഷ്ട്രീയ വിരോധത്തോടെ ചില വിദ്യാർഥികളെ അപമാനിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പത്തോളം വിദ്യാർത്ഥികളാണ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നത്. കോളേജിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അധ്യാപകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ വിദ്യാർഥികൾ പുറത്തുവിടുകയും ചെയ്തു.
ക്ലാസ് മുറിയിൽ പോലും നിസാമുദ്ദീൻ വംശീയ അധിക്ഷേപം നടത്തുന്നുവെന്ന് വിദ്യാർഥിനികൾ പറയുന്നു. നിസാമുദ്ദീന്റെ വംശീയ അധിക്ഷേപം സഹിച്ച് പഠനം തുടരാൻ കഴിയില്ലെന്ന നിലപാടും വിദ്യാർത്ഥിനികൾ വ്യക്തമാക്കിയിട്ടുണ്ട്.