ചരിത്രപരമായ തീരുമാനം: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
|പുതിയ അധ്യയന വർഷത്തിലേക്ക് തയ്യാറാക്കിയ പുസ്തകം ഫെബ്രുവരി 23ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും. അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് പോക്സോ നിയമം ഉൾപ്പെടുത്തിയത്. ഹൈക്കോടതി നടത്തിയ തുടർച്ചയായി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ തീരുമാനം. പുതിയ അധ്യയന വർഷത്തിലേക്ക് തയ്യാറാക്കിയ പുസ്തകം ഫെബ്രുവരി 23ന് കോടതിയിൽ ഹാജരാക്കും.
പോക്സോ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പോക്സോ നിയമം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താമോ എന്ന ആശയം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുന്നോട്ട് വെച്ചത്.
പിന്നാലെ ഇക്കാര്യം പരിശോധിക്കാൻ വിദഗ്ധ സമിതിയെയും തീരുമാനിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശയിൽ 2022ആഗസ്റ്റ് 26ന് പോക്സോ നിയമം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. പിന്നാലെ എഴുപതിലധികം തവണ ഹൈക്കോടതി വിഷയത്തിൽ വാദം കേട്ടു. വിദഗ്ധ സമിതിയിലെ അഭിഭാഷകരായ അഡ്വ. എ പാർവതി മേനോനും, അഡ്വക്കേറ്റ് ജെ സന്ധ്യയുമാണ് പോക്സോ നിയമവുമായി ബന്ധപ്പെട്ട് പാഠപുസ്തകം തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ സഹായിച്ചത്
കഥപോലെ നിയമത്തെകുറിച്ച് അവബോധം ഉണ്ടാക്കുന്ന രീതിയിലാക്കും പാഠങ്ങൾ. വിദഗ്ധ സമിതി നിർദേശം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ പാഠപുസ്തകങ്ങൾ ഫെബ്രുവരി 23ന് ഹൈക്കോടതിയിൽ സമർപ്പിക്കും. എൻസിഇർടി, എസ് സി ഇആർടി സിലബസിൽ വിദ്യാർഥികളുടെ അവകാശങ്ങളെ കുറിച്ച്
പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഇല്ല. ഹൈക്കോടതി ഉത്തരവുള്ളതിനാൽ പോക്സോ നിയമം അടുത്ത അധ്യയന വർഷത്തിൽ എൻസിഇആർടിയും ഇക്കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയും വിദഗ്ധ സമിതി പ്രകടിപ്പിച്ചു. രാജ്യത്ത് ആദ്യമായാണ് കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമം ചെറുക്കുന്നതിനുള്ള പോക്സോ നിയമം പാഠ്യവിഷയമാകുന്നത്.