Kerala
കാണാൻ പറ്റാത്തതാണ് കാണുന്നത്, മുഖംമൂടിവെച്ച് നടക്കാൻ പറ്റുമോ; സീറ്റ് വെട്ടിപ്പൊളിച്ച സംഭവത്തിൽ നാട്ടുകാർ
Kerala

'കാണാൻ പറ്റാത്തതാണ് കാണുന്നത്, മുഖംമൂടിവെച്ച് നടക്കാൻ പറ്റുമോ'; സീറ്റ് വെട്ടിപ്പൊളിച്ച സംഭവത്തിൽ നാട്ടുകാർ

Web Desk
|
21 July 2022 12:37 PM GMT

ഞങ്ങളൊക്കെ ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നവരാണെന്നും ആണും പെണ്ണും അടുത്തിരുന്നാൽ ഇവിടെ ഒന്നും സംഭവിക്കാനില്ലെന്നുമാണ് വിദ്യാർഥികൾക്ക് നൽകാനുള്ള മറുപടി

തിരുവനന്തപുരം: കാത്തിരിപ്പ് കേന്ദ്രത്തിലെ സീറ്റ് വെട്ടിപ്പൊളിച്ചതിനെതിരെ തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ മാസ് മറുപടി വൈറലാവുകയാണ്. ഒന്നിച്ചിരിക്കാവുന്ന ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന കസേരകളാക്കിയാണ് കാത്തിരിപ്പ് കേന്ദ്രം പരിഷ്കരിച്ചത്. "അടുത്തിരിക്കരുതെന്നല്ലേ ഉള്ളൂ..മടീല്‍ ഇരിക്കാലോല്ലേ" എന്നായിരുന്നു ഇതിന് വിദ്യാര്‍ഥികളുടെ മറുപടി. ഇപ്പോഴിതാ, സീറ്റ് പൊളിച്ച സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നാട്ടുകാര്‍.

കാണാന്‍ പറ്റാത്ത കാര്യങ്ങളാണ് കാണുന്നതെന്നും മുഖംമൂടിവെച്ച് നടക്കാനാകുമോ എന്നുമാണ് ശ്രീകൃഷ്ണനഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭരവാഹികള്‍ പറയുന്നത്. എങ്ങനെയാണ് വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്‍റില്‍ വന്നിരിക്കുന്നത്, എങ്ങനെയാണവരുടെ പെരുമാറ്റം, നാട്ടുകാര്‍ക്ക് അതുകൊണ്ട് ഉപദ്രവമുണ്ടോയെന്നൊക്കെ അന്വേഷിച്ചാല്‍ മനസിലാകുമെന്നും അവര്‍ പറയുന്നു.

അതേസമയം, ഞങ്ങളൊക്കെ ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നവരാണെന്നും ആണും പെണ്ണും അടുത്തിരുന്നാല്‍ ഇവിടെ ഒന്നും സംഭവിക്കാനില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള മറുപടി. ഒരുമിച്ചിരുന്ന് സംസാരിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടാകുമെന്ന ഉറപ്പുമായി മേയര്‍ ആര്യ രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. പി.ഡബ്ല്യൂ.ഡി വകുപ്പുമായി ആലോചിച്ച ശേഷം ലിംഗസമത്വം ഉയര്‍ത്തിപ്പിടിച്ചുള്ള കാത്തിരിപ്പ് കേന്ദ്രം പണിയുമെന്നും മേയര്‍ പറഞ്ഞു.

ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ആൺകുട്ടികളുടെ മടിയിൽ പെൺകുട്ടികൾ ഇരുന്നുകൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇതിന്‍റെ ചിത്രവും വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെയാണ് വ്യത്യസ്തമായ പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ വൈറലായത്.

Similar Posts