Kerala
പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസ്: അഞ്ചുപേർ അറസ്റ്റിൽ
Kerala

പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസ്: അഞ്ചുപേർ അറസ്റ്റിൽ

Web Desk
|
19 July 2022 4:11 PM GMT

നീറ്റ് പരീക്ഷ നടത്തിപ്പുകാരും കോളേജിലെ ക്ലീനിങ് ജീവനക്കാരുമാണ് അറസ്റ്റിലായത്

കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം ഊരിപ്പിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. പരീക്ഷ നടത്തിപ്പിന്റെ ഭാഗമായി എത്തിയ ജോസ്‌ന ജോബി,ബീന, ഗീതു കോളേജിലെ ക്ലീനിങ് ജീവനക്കാരായ എസ് മറിയം, കെ മറിയം എന്നിവരാണ് അറസ്റ്റിലായത്. സി സി ടി വി ദൃശ്യങ്ങൾ പ്രകാരം പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടികൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കിയത് ക്ലീനിങ് ജീവനക്കാരാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയിരുന്നു

സംഭവത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തി. എന്നാൽ അടിവസ്ത്രം അഴിപ്പിച്ചതിൽ പങ്കില്ലെന്നാണ് കോളേജ് അധികൃതരുടെ വാദം. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റാർ കൺസൾട്ടൻസി ചുമതല മറ്റൊരു വ്യക്തിയെ ഏൽപ്പിച്ചതായി കണ്ടെത്തി.

വിവാദത്തിൽ ദേശീയ തലത്തിലും പ്രതികരണങ്ങളുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് വിശദീകരണം തേടി. ദേശീയ മനുഷ്യവകാശ കമ്മീഷനും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് പരീക്ഷ എഴുതിയ വിദ്യാർഥിനികൾ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ ഉണ്ടായത് മോശം അനുഭവമായിരുന്നുവെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും ഇവർ പറഞ്ഞു.

Related Tags :
Similar Posts