Kerala
സംഘടന ഭരണഘടനാധിഷ്ഠിതമാകണം, സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത...; അടിമുടി മാറ്റം നിർദേശിച്ച് ലീഗ് ഉപസമിതി
Kerala

സംഘടന ഭരണഘടനാധിഷ്ഠിതമാകണം, സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത...; അടിമുടി മാറ്റം നിർദേശിച്ച് ലീഗ് ഉപസമിതി

എം.കെ ഷുക്കൂര്‍
|
29 Aug 2021 3:48 PM GMT

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, നേതാക്കളായ കെപിഎ മജീദ്, കെഎം ഷാജി, കുട്ടി അഹമ്മദ് കുട്ടി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, എന്‍ ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ഫിറോസ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്

പാര്‍ട്ടി ഭരണഘടന നിരന്തരം ലംഘിക്കപ്പെടുന്നുവെന്ന വിമര്‍ശനം ശക്തമായിരിക്കെ പാർട്ടി പ്രവർത്തനം ഭരണഘടനാധിഷ്ഠിതമാക്കണമെന്ന ശക്തമായ നിർദേശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി നിശ്ചയിച്ച ഉപസമിതി. സെക്രട്ടറിയേറ്റിനെയും പ്രവർത്തക സമിതിയെയും മറികടന്ന് തീരുമാനങ്ങൾ ഉണ്ടാവുന്നു, ഭരണഘടനയിൽ ഇല്ലാത്ത ഉന്നതാധികാര സമിതി കാര്യങ്ങൾ തീരുമാനിക്കുന്നു എന്ന് തുടങ്ങിയ വിഷയങ്ങള്‍ ലീഗില്‍ സജീവ ചര്‍ച്ചയാകുന്പോഴാണ് പാര്‍ട്ടി ഉപസമിതിയുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ പാര്‍ട്ടി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താം. എന്നാല്‍ ഭരണഘടവിരുദ്ധമായോ ഭരണഘടനാ ബാഹ്യമായോ സംവിധാനങ്ങൾ ഉണ്ടാക്കരുതെന്നാണ് നിര്‍ദേശത്തിലുള്ളത്.

ഫണ്ട് വിനിയോഗത്തില്‍ സുതാര്യത

സാമ്പത്തിക വിഷയങ്ങളില്‍ പാര്‍ട്ടി നിരന്തരമായി സംശയമുനയില്‍ നില്‍ക്കുന്നത് ജനകീയ ഫണ്ട് ശേഖരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് ഫണ്ട് വിനിയോഗത്തിലെ സുതാര്യതക്കുള്ള നിര്‍ദേശങ്ങള്‍ കരട് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഹാദിയ കേസില്‍ ഒറ്റ ദിവസം കൊണ്ട് ഒരു കോടി രൂപ ഒരു സംഘടന ശേഖരിച്ചപ്പോള്‍ കത്‍വ സംഭവത്തില്‍ യൂത്ത് ലീഗ് നടത്തിയ ഫണ്ട് ശേഖരണത്തില്‍ അത്രയും പണം ലഭിച്ചില്ല. ലഭിച്ച പണം വിനിയോഗിച്ചതില്‍ സുതാര്യത ഇല്ലാത്തതിന്റെ പേരില്‍ യൂത്ത് ലീഗും ലീഗും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വന്നു. താഴേ തട്ട് മുതല്‍ സംസ്ഥാന തലം വരെ സാന്പത്തിക സത്യസന്ധത ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന കരട് എല്ലാ ഘടകങ്ങളിലും വരവ് ചെലവ് കണക്കുകള്‍ കൃത്യമായിരിക്കണമെന്ന് നിര്‍ദേശിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അപ്പപ്പോള്‍ തന്നെ നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും നിര്‍ദേശിക്കുന്നു.

ജനപ്രതിനികള്‍ പാര്‍ട്ടി ചുമതല ഒഴിയണം

എം.എല്‍.എ, ജില്ലാ-ബ്ലോക് - പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ , നഗരസഭാ ചെയര്‍മാന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവികളിലുള്ളവര്‍ പൂര്‍ണമായി ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത്തരം ചുമതലകളിലുള്ളവര്‍ പാര്‍ട്ടി ഘടകങ്ങളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികള്‍ വഹിക്കരുത്. സഹകരണ ബാങ്ക് പ്രസിഡണ്ടുമാര്‍ പാര്‍ട്ടിയുടെ പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികളിലെ ജനറല്‍ പോസറ്റുകളില്‍ വരാന്‍ പാടില്ല. കൂടുതല്‍ പേര്‍ക്ക് പൊതുപ്രവര്‍ത്തനത്തിനും ചുമതലകള്‍ക്കും അവസരം നല്‍കുക എന്നുള്ളതാണ് പാര്‍ട്ടിയുടെ താത്പര്യമെന്നും കരട് റിപ്പോര്‍ട്ട് പറയുന്നു. കെ എം ഷാജിയാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സെപ്തംബറില്‍ ചേരുന്ന സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി കരട് വിശദമായി പരിശോധിച്ച് അന്തിമമാക്കും.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, നേതാക്കളായ കെപിഎ മജീദ്, കെഎം ഷാജി, കുട്ടി അഹമ്മദ് കുട്ടി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി,എന്‍ ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ഫിറോസ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്. രണ്ട് സിറ്റിംഗിലാണ് ഉപസമിതി കരട് തയ്യാറാക്കിയത്.

Related Tags :
Similar Posts