സുബൈർ വധം: കസ്റ്റഡിയിലുള്ള ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് ഇന്ന്
|കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹം കർണകിയമ്മൻ സ്കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് ഇദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
പാലക്കാട്: എലപ്പുള്ളിയിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും. ഷൈജു, ജിനീഷ്, സുദർശൻ, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതിൽ ഷൈജു, സുദർശൻ, ശ്രീജിത്ത് എന്നിവർ എസ്ഡിപിഐ പ്രവർത്തകനായ സക്കീർ ഹുസൈൻ വധശ്രമക്കേസിലെ പ്രതികളാണ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവർ സുബൈറിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനായി കാർ വാടകക്കെടുത്ത രമേശിനെ ഇതുവരെ പിടികൂടാനായിട്ടില്ല. മറ്റുള്ളവരെ വഴിയിലിറക്കിയ ശേഷം ഇയാൾ കാർ കഞ്ചിക്കോട് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിഗമനം.
കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹം കർണകിയമ്മൻ സ്കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് ഇദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ജില്ലാ, സംസ്ഥാന നേതാക്കളും ഇവിടെയെത്തിയിട്ടുണ്ട്. വൈകീട്ട് കറുകോടി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.
കൊലപാതകങ്ങൾക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്തുമെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു. പൂർണ ആസൂത്രണത്തോടെ നടത്തുന്ന കൊലപാതകങ്ങൾ തടയുന്നത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.