തദ്ദേശ സ്ഥാപനങ്ങളില്‍ ടെണ്ടറില്ലാതെ ബയോ ബിന്നുകള്‍ വിതരണം ചെയ്യാന്‍ സ്വകാര്യ കമ്പനികളെ ശിപാർശ ചെയ്ത് ശുചിത്വ മിഷന്
|സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള റെയ്ഡ്കോയെ തഴഞ്ഞാണ് പരിഷത്തിന്റെ കമ്പനിയായ IRTCക്ക് ശുചിത്വമിഷന്റെ ശിപാര്‍ശയില്‍ കരാര്‍ ലഭിച്ചത്
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ടെണ്ടറില്ലാതെ ബയോ ബിന്നുകള്‍ വിതരണം ചെയ്യാന്‍ സ്വകാര്യ കമ്പനികളെ ശുപാര്‍ശ ചെയ്ത് ശുചിത്വ മിഷന് കത്തയച്ചു. സിപിഎം സഹയാത്രികരായ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ ഏലൂര്‍ നഗരസഭക്ക് ശുചിത്വ മിഷന് അയച്ച കത്ത് മീഡിയാവണിന് ലഭിച്ചു.
സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള റെയ്ഡ്കോയെ തഴഞ്ഞാണ് പരിഷത്തിന്റെ കമ്പനിയായ IRTCക്ക് ശുചിത്വമിഷന്റെ ശിപാര്‍ശയില്‍ കരാര്‍ ലഭിച്ചത്. 2019 ഡിംസബര്‍ 31നാണ് ഏലൂര്‍ നഗരസഭക്ക് ശുചിത്വ മിഷന് കത്തയച്ചത്. IRTC ,SEUF കമ്പനികളില്‍ നിന്നും ബയോ ബിന്നുകള്‍ ടെണ്ടറില്ലാതെ വാങ്ങാമെന്നാണ് ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ അയച്ച കത്തിന്റെ ഉള്ളടക്കം.
ഈ കത്തിന്റെ ബലത്തില്‍ ഏലൂര്‍ നഗരസഭ IRTC യില്‍ നിന്നും നേരിട്ട് ബയോ ബിന്നുകള്‍ വാങ്ങി. ശുചിത്വ മിഷന് അന്ന് നിശ്ചയിച്ച കൂടിയ തുകയായ 1800 രൂപയാണ് IRTC ഒരു ബയോ ബിന്നിന് ഈടാക്കിയത്. സ്വകാര്യ കമ്പനിയായ IRTC യെ ശുപാര്‍ശ ചെയ്യുന്നതിനും കൃത്യം പത്തൊമ്പത് ദിവസം മുന്‍പ് ബയോ ബിന്‍ വിതരണത്തിന് റെയ്ഡ്കോക്ക് സര്‍ക്കാര്‍ അക്രഡിറ്റേഷന് നല്‍കിയിട്ടുണ്ട്.എന്നാല്‍ ഈ ഉത്തരവ് കണ്ടഭാവം നടിക്കാതെയാണ് ശുചിത്വ മിഷന് IRTCയെ ശുപാര്‍ശ ചെയ്തത്.2019 മുതല്‍ ഏലൂര്‍ നഗരസഭക്ക് ബയോ ബിന്നുകള്‍ വില്‍ക്കുന്നത് IRTCയാണ്.
സംസ്ഥാനത്തെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ IRTC യും ശുചിത്വ മിഷനും സമാന രീതിയില്‍ ഇടപാട് നടത്തുന്നുണ്ടെന്നാണ് വിവരം. നഗരസഭകളില്‍ നിന്നും കോടികള്‍ മറിക്കുന്ന ഈ ദുരൂഹ ഇടപാടുകളെ കുറിച്ച് വിശദീകരിക്കാന്‍ IRTC യുടെ മാതൃസ്ഥാപനമായ ശാസ്ത്ര സാഹിത്യ പരിഷത്തിനും ബാധ്യതയുണ്ട്.