മമ്പറത്തെ താഴെയിറക്കി; തലശ്ശേരിയിൽ സുധാകരന്റെ രാഷ്ട്രീയവിജയം
|കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരേ മറ്റൊരു പാനൽ എന്ന പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് മമ്പറത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിൽ പതിറ്റാണ്ടുകളായി സുധാകരനോട് അകൽച്ച സൂക്ഷിക്കുന്ന നേതാവാണ് ദിവാകരൻ.
കണ്ണൂർ: തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് കെ സുധാകരന്റെ രാഷ്ട്രീയ വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോൺഗ്രസിൽ നിന്ന് ഈയിടെ പുറത്താക്കിയ മമ്പറം ദിവാകരന്റെ പാനലിനെയാണ് യുഡിഎഫ് തോൽപ്പിച്ചത്. മത്സരം നടന്ന 12 സീറ്റിലും യുഡിഎഫ് വിജയിച്ചു.
ദീർഘകാലമായി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടായണ് ജില്ലയിലെ മുതിർന്ന നേതാവു കൂടിയായിരുന്ന മമ്പറം ദിവാകരൻ. ദിവാകരനും ഡി.സി.സി. നേതൃത്വവും തമ്മിലുള്ള അകൽച്ചയെ തുടർന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. പാർട്ടി നിർദേശിച്ച വ്യക്തികളെ പാനലിൽ ഉൾപ്പെടുത്താതിരുന്നതിനെത്തുടർന്ന് മമ്പറം ദിവാകരനെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പുറത്താക്കിയതോടെ മത്സരം രാഷ്ട്രീയ കേരളം ശ്രദ്ധിച്ചു. മൂന്നു പതിറ്റാണ്ടു നീണ്ട ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.
കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരേ മറ്റൊരു പാനൽ എന്ന പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് മമ്പറത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിൽ പതിറ്റാണ്ടുകളായി സുധാകരനോട് അകൽച്ച സൂക്ഷിക്കുന്ന നേതാവാണ് ദിവാകരൻ. കെ.സുധാകരനടക്കമുള്ള മുതിർന്ന നേതാക്കൾ തലശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വോട്ടെടുപ്പിലും സംഘർഷഭരിതമായ സാഹചര്യമായിരുന്നു. വോട്ടു ചെയ്യാനെത്തിയ മമ്പറത്തെ ചിലർ കൂക്കിവിളിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവുമുണ്ടായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കെപിസിസി പ്രസിഡണ്ടിന്റെയും സംഘത്തിന്റെയും ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. മമ്പറം ഇന്ദിരാ ഗാന്ധി പബ്ലിക് സ്‌കൂളിലായിരുന്നു വോട്ടെടുപ്പ്.
തിരശ്ശീലയ്ക്ക് പിന്നിൽ പതിറ്റാണ്ടുകൾ നീണ്ട പോര്
കെ സുധാകരൻ കോൺഗ്രസ് പ്രസിഡണ്ടായി അധികാരമേറ്റയുടൻ വിവാദമായ ബ്രണ്ണൻ കോളജ് വാക്‌പോരിൽ മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ കെ സുധാകരനെ പ്രതിരോധത്തിലാക്കിയത് മമ്പറം ദിവാകരനായിരുന്നു. സുധാകരന്റെ വാദങ്ങൾ പൂർണമായി തള്ളിപ്പറഞ്ഞ ദിവാകരനെ കുറിച്ച് ഒടുവിൽ കെപിസിസി പ്രസിഡണ്ട് പറഞ്ഞതിങ്ങനെയാണ്; 'മമ്പറം കോൺഗ്രസിന്റെ അകത്താണോ പുറത്താണോ എന്നറിയില്ല'. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഒരുകാര്യം വ്യക്തമായിരിക്കുന്നു. മമ്പറം ദിവാകരൻ പുറത്തു തന്നെയാണ്.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മമ്പറത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എങ്കിലും ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വൈരത്തിന് അഞ്ചു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പുറമേക്ക് അത്ര പരിചിതമല്ലെങ്കിലും കണ്ണൂരിലെ കോൺഗ്രസിൽ ആമുഖങ്ങളൊന്നും വേണ്ടാത്ത നേതാവാണ് മമ്പറം. കെ സുധാകരനെ പോലെ, സിപിഎം ക്രിമിനൽ-ഗുണ്ടാ നേതാവ് എന്ന് വിളിക്കുന്ന കോൺഗ്രസ് നേതാവ്.
ഒരു കാലത്ത് സിപിഎമ്മിനെതിരെയുള്ള കോൺഗ്രസ് പ്രതിരോധത്തിന്റെ കാവലാളായിരുന്നു മമ്പറം ദിവാകരൻ. സുധാകരൻ കോൺഗ്രസ് രാഷ്ട്രീയത്തിലെത്തും മുമ്പ് ദിവാകരൻ പാർട്ടിയിൽ സജീവമാണ്. ബ്രണ്ണൻ വിവാദത്തിലും അല്ലാതെയും അക്കാര്യം ദിവാകരൻ പലകുറി പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ്. 'ഞാൻ പിണറായി വിജയൻ പഠിക്കുന്ന കാലത്ത് ബ്രണ്ണൻ കോളജിൽ ഉണ്ടായിട്ടില്ല. ഞാനന്ന് നിർമലഗിരി കോളജിലാണ് പഠിച്ചിരുന്നത്. ബ്രണ്ണനിൽ ഞാൻ 71ലാണ് വരുന്നത്. ബ്രണ്ണനിൽ വരുന്ന ദിവസവും 74ൽ കോളജിൽനിന്ന് പോകുന്ന ദിവസവും അടി കിട്ടിയിട്ടുണ്ട്. അന്ന് എകെ ബാലനുമായിട്ടാണ് രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നത്. 1969ൽ സുധാകരൻ സംഘടനാ കോൺഗ്രസിൽ പോയി. 1984ന് ശേഷമാണ് അദ്ദേഹം കോൺഗ്രസിൽ വരുന്നത്. 1969 മുതൽ 1984 വരെ എകെ ഗോപാലൻ, എംവി രാഘവൻ, പിണറായി വിജയൻ എന്നിവരുമായി രാഷ്ട്രീയപ്പോരാട്ടം നടത്തിയ വ്യക്തിയാണ് ഞാൻ.' അന്ന് സംഘടനാ കോൺഗ്രസിലും ജനതാപാർട്ടിയിലുമായിരുന്നു സുധാകരനെന്നും അദ്ദേഹം കുത്തിപ്പറഞ്ഞിട്ടുണ്ട്.
1992ൽ ഡിസിസി പ്രസിഡണ്ടായിരുന്ന എൻ രാമകൃഷ്ണനോടുള്ള എതിർപ്പിന്റെ ഭാഗമായാണ് ദിവാകരൻ സുധാകരനുമായി യോജിപ്പിലെത്തുന്നത്. തൊണ്ണൂറ്റി രണ്ടിലെ സംഘടനാ തെരഞ്ഞെടുപ്പിൽ സുധാകരൻ ഡിസിസി പ്രസിഡണ്ടും ദിവാകരൻ വർക്കിങ് സെക്രട്ടറിയുമായി. എ, ഐ അല്ലാതെ മൂന്നാം ഗ്രൂപ്പായി മത്സരിച്ചായിരുന്നു ഇരുവരുടെയും വിജയം. സംഘടനാ തെരഞ്ഞെടുപ്പ് തന്റെ നേതൃത്വത്തിൽ അട്ടിമറിച്ചാണ് സുധാകരനെ പ്രസിഡണ്ടാക്കിയത് എന്ന് ദിവാകരൻ വെളിപ്പെടുത്തിയിട്ടുണ്ട്. സുധാകരൻ കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് കണ്ണുനട്ടു നടന്ന കാലത്ത്, അദ്ദേഹം പ്രസിഡണ്ടായാൽ കോൺഗ്രസ് ഇല്ലാതാകുമെന്ന് വെട്ടിത്തുറന്നു പറഞ്ഞ നേതാവാണ് ദിവാകരൻ. അങ്ങനെ പറയാനുള്ള ആർജ്ജവമുള്ള ഒരു കോൺഗ്രസുകാരനേ കണ്ണൂരിലുള്ളൂ എന്നത് മറ്റൊരു യാഥാർത്ഥ്യം. 1973 മുതൽ സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിൽ ദിവാകരനുണ്ട്. കൊളങ്ങരേത്ത് രാഘവൻ വധക്കേസിൽ മൂന്നു കൊല്ലവും എട്ടുമാസവും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എഴുപതോളം കേസുകളിൽ പ്രതിയായിരുന്നു താനെന്ന് ഒരഭിമുഖത്തിൽ മമ്പറം വെളിപ്പെടുത്തിയിട്ടുണ്ട്. ദിവാകരനെതിരെ നടപടിയെടുത്തതിലൂടെ അച്ചടക്ക ലംഘനത്തിന് മാപ്പില്ലെന്ന സൂചനയാണ് കെപിസിസി നേതൃത്വം നൽകുന്നത് എങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയകലഹം ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്ന് വ്യക്തം. അച്ചടക്കനടപടിയിൽ മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ വരുന്നതോടെ വിഷയം കൂടുതൽ ചർച്ചയാകും എന്നാണ് കരുതപ്പെടുന്നത്.