സുഗന്ധഗിരി മരം മുറിക്കേസ്: 18 വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ
|ഡിഎഫ്ഒ മുതല്‍ വാച്ചര്‍മാര്‍ വരെ നടപടിക്ക് ശിപാര്‍ശ ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്
വയനാട്: സുഗന്ധഗിരിയിലെ അനധികൃത മരം മുറിയില്‍ 18 വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ നല്‍കിയതായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വനം വിജിലന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കി. ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ മരംമുറി അറിഞ്ഞില്ലെന്നു നടിച്ചു എന്നാണ് മനസ്സിലാകുന്നതെന്നും ഇവര്‍ക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ വനം വിജിലന്‍സ് മേധാവിക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ഡിഎഫ്ഒ മുതല്‍ വാച്ചര്‍മാര്‍ വരെ നടപടിക്ക് ശിപാര്‍ശ ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്. ആദിവാസി പുനരധിവാസ മേഖലയായ വയനാട്ടിലെ സുഗന്ധഗിരിയില്‍ നടന്ന വനം കൊള്ളയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണിതെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.