ഓക്സിജന്‍ ക്ഷാമം; തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവച്ചു
|ന്യൂറോ വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്
ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ന്യൂറോ വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ആശുപത്രിയിലെക്ക് ഓക്സിജന്‍ എത്തിക്കുന്ന മൂന്ന് കമ്പനികള്‍ കൃത്യസമയത്ത് വിതരണം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി ഡയറക്ടര്‍ ജില്ലാ കലക്ടറെ അറിയിച്ചു.
മൂന്ന് കമ്പനികളാണ് ശ്രീചിത്രയിലേക്കുള്ള ഓക്സിജന്‍ വിതരണം നടത്തുന്നത്. എന്നാല്‍ ഒരാഴ്ചയിലേറെയായി കൃത്യസമയത്ത് ഇവര്‍ ഓക്സിജന് വിതരണം നടത്തിയിരുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. 17 സിലിണ്ടറുകള്‍ മാത്രമാണ് ഇന്നലെയുണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചത്. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലും പ്രതിസന്ധിയുണ്ടായി.
ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും ശ്രീചിത്ര അധികൃതര്‍ കത്ത് നല്‍കി. ഇതേ തുടര്‍ന്ന് ഐഎസ്ആര്‍ഒയില്‍ നിന്നുള്‍പ്പെടെ 40 സിലിണ്ടറുകള്‍ രാവിലെ എത്തിച്ചു. ഇതോടെ അടിയന്തര ശസ്ത്രക്രിയകള്‍ ആരംഭിച്ചു. വൈകുന്നേരം 55 സിലിണ്ടറുകള്‍ കൂടിയെത്തുമെന്നും നാളെമുതല്‍ പ്രവര്‍ത്തനം സാധാരണഗതിയിലാകുമെന്നും ഡയറക്ടര്‍ അറിയിച്ചു. പ്രതിദിനം 20 ശസ്ത്രക്രിയകളെങ്കിലും ശ്രീചിത്രയില്‍ നടക്കാറുണ്ട്.