നവകേരള സദസ്സിൽ അധ്യാപകരും പങ്കെടുക്കണമെന്ന് നിർദേശം: പങ്കാളിത്തം പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം
|നവകേരള സദസ്സിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കാസർകോട് ജില്ലാ കലക്ടർ മീഡിയവണിനോട് പറഞ്ഞു.
കണ്ണൂർ: ഇന്നും നാളെയുമായി കാസർകോട് നടക്കുന്ന നവകേരള സദസ്സിൽ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും പങ്കെടുക്കണമെന്ന് സർക്കുലർ. ഹയർ സെക്കൻഡറി കണ്ണൂർ മേഖലാ ഉപമേധാവിയുടേതാണ് സർക്കുലർ. അധ്യാപകരുടെയും അനധ്യാപകരുടെയും പങ്കാളിത്തം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
അതേസമയം, നവകേരള സദസ്സിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കാസർകോട് ജില്ലാ കലക്ടർ വ്യക്തമാക്കി. നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും കലക്ടർ കെ. ഇമ്പശേഖർ മീഡിയവണിനോട് പറഞ്ഞു. ജില്ലയിലെ സർക്കാർ ജീവനക്കാർ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന കലക്ടറുടെ ഉത്തരവ് വിവാദമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. കാസർകോട് പൈവളിഗെ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിൽ വൈകീട്ട് 3:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഭാവിപ്രവര്‍ത്തനങ്ങളും വിശദീകരിക്കുകയും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയുമാണ് നവകേരള സദസ്സിന്റെ ലക്ഷ്യം.
പൈവളിഗെ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ അതാത് കൗണ്ടറുകൾ പ്രവർത്തിക്കും.
ഉച്ചയ്ക്ക് രണ്ട് മുതല്‍ തന്നെ പൈവളിഗെയിലെ വേദിയിൽ വിവിധ കലാരൂപങ്ങൾ അരങ്ങേറും. വൈകിട്ട് 3.30 നാണ് ഉദ്ഘാടന ചടങ്ങൾ. റവന്യു മന്ത്രി കെ.രാജന് അദ്ധ്യക്ഷത വഹിക്കും. നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. മഞ്ചേശ്വരത്തിന്റെ കലാകാരന്മാരുടെ കലാ പരിപാടികളും അരങ്ങേറി. നവകേരള സദസ്സ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്ക് ഓരോ ജില്ലയിലെയും പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേക കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിലാണ് ജില്ലയിലെ ക്ഷണിക്കപ്പെട്ടവരുടെ കൂടിക്കാഴ്ച.