ഡോക്ടർമാർക്കിടയിൽ ആത്മഹത്യ കൂടുന്നു; ഇക്കൊല്ലം മാത്രം മരിച്ചത് പതിനൊന്ന് പേർ
|ആത്മഹത്യ ചെയ്യുന്നവരിൽ അധികവും യുവ ഡോക്ടർമാരും അവസാനവർഷ പിജി വിദ്യാർഥികളും
തിരുവനന്തപുരം: ഡോക്ടർമാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു.ഇക്കൊല്ലം മാത്രം പതിനൊന്ന് പേർ ആത്മഹത്യ ചെയ്തെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.യുവ ഡോക്ടർമാരും അവസാന വർഷ പി ജി വിദ്യാർഥികളുമാണ് ആത്മഹത്യ ചെയ്യുന്നവരിൽ അധികവും.
അമിതമായ ജോലിഭാരം. മാനസിക ഉല്ലാസമില്ലാത്തത്. സമൂഹത്തിൽ നിന്ന് - വീട്ടുകാരിൽ നിന്ന് ഉണ്ടാകുന്ന അമിത പ്രതീക്ഷ. വ്യക്തിപരമായ പ്രയാസങ്ങൾ. ഇങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ഡോക്ടർമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ടെന്ന് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നു. പി ജിവരെയുള്ള പഠന കാലത്തുണ്ടാകുന്ന സമ്മർദം ഒട്ടും ചെറുതല്ല. ഇക്കാലത്തിനിടയിലെ പ്രതിസന്ധിയെ മറികടന്ന് ജോലിയിലേക്ക് കയറുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് മുന്നിൽ പതറും. അവിടെയാണ് ആത്മഹത്യ തെരഞ്ഞെടുക്കപ്പെടുന്നത്. രോഗികൾക്കും അശരണർക്കും കരുതലാകേണ്ട ആതുര സേവന രംഗത്തുള്ളവർ ആത്മഹത്യ ചെയ്യുന്നത് പൊതു സമൂഹത്തിൽ ഞെട്ടലുണ്ടാക്കുന്നതാണ്.
ഒരേ ആശയത്തിൽ വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകളുടെ ഇടയിൽ ആത്മഹത്യയെ ഗ്ലോറിഫൈ ചെയ്താൽ ഒരുപക്ഷേ അതും ജീവനുപേക്ഷിക്കാനുള്ള കാരണമായി മാറിയേക്കാമെന്ന ആശങ്ക ആരോഗ്യ മേഖലയിലുള്ളവർക്കുണ്ട്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ആത്മഹത്യ ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ പതിനൊന്ന് ആത്മഹത്യകൾ. രേഖപ്പെടുത്താതെ പോയ ആത്മഹത്യ ശ്രമങ്ങൾ വെറേയും. കണക്കുകൾ എല്ലാം ഞെട്ടിക്കുന്നതാണ്.