അടിച്ച ലോട്ടറി തട്ടിയെടുത്തുവെന്ന് പരാതി; കൽപറ്റയിൽ ലോഡ്ജ് മുറിയിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി
|മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവ് പിടിയിലായത്.
കൽപറ്റ: വയനാട് കൽപറ്റയിൽ ലോഡ്ജ് മുറിയിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇന്നു രാവിലെ 11ഓടെ കൽപറ്റയിലെ എം.ജി.ടി ലോഡ്ജിലായിരുന്നു ആത്മഹത്യാ ശ്രമം. കൊല്ലം പുനലൂർ സ്വദേശി രമേശനാണ് പെട്രോളും മണ്ണെണ്ണയും ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.ഒടുവിൽ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവ് പിടിയിലായത്.
2020ല്‍ തനിക്ക് ലോട്ടറി അടിച്ചിരുന്നെന്നും എന്നാല്‍ ഈ തുക തനിക്ക് ലഭിച്ചില്ലെന്നും വയനാട് അമ്പലവയല്‍ സ്വദേശിയായ ഒരാള്‍ തട്ടിയെടുത്തെന്നുമാണ് ഇയാള്‍ പറയുന്നത്. ഇതില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആത്മഹത്യാ ഭീഷണി.
ഇന്നലെ രാവിലെ പത്തോടെയാണ് രമേശന് കല്പറ്റയില് എത്തിയത്. ഇന്ന് 11ഓടെ കല്പറ്റ പ്രസ് ക്ലബിലേക്കും പൊലീസ് സ്റ്റേഷനിലേക്കും വിളിച്ച്, താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്നും അറിയിച്ചു. ഇതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസുകാരെ കണ്ടതോടെ ഇയാൾ മുറിയില്‍ കയറി വാതില്‍ അടച്ചു.
ജില്ലാ കലക്ടറും തഹസീല്‍ദാറും എത്താതെ വാതില്‍ തുറക്കില്ലെന്ന് പറഞ്ഞ രമേശൻ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറോളം പൊലീസും ഫയർ ഫോഴ്സ് സംഘവും അനുനയ ശ്രമം നടത്തിയിട്ടും വഴങ്ങാതിരുന്നതോടെ വാതില്‍ ചവിട്ടിത്തുറന്ന് സംഘം അകത്തു കയറി. തുടര്‍ന്ന് പിടികൂടി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു.