'അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി': സുജിത് ദാസിന്റെ സസ്‌പെൻഷൻ ഉത്തരവിറങ്ങി
|എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സംസാരിച്ചതും സസ്പെന്‍ഷന് കാരണമായി
കോഴിക്കോട്: പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെതിരായ സസ്‌പെൻഷൻ ഉത്തരവിൽ ഗുരുതര ആരോപണങ്ങൾ. പി.വി അൻവർ എംഎൽഎയുമായി സുജിത് ദാസ് നടത്തിയ ഫോൺ സംഭാഷണം സസ്‌പെൻഷന് കാരണമായി. സുജിത് ദാസ്, പി.വി അൻവറുമായി നടത്തിയ സംഭാഷണത്തില്‍ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സംസാരിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും അത് പൊലീസ് സേനയുടെ വിശ്വാസ്യതയെ തകർത്തുവെന്നും ഉത്തരവിൽ പറയുന്നു.
സുജിത് ദാസ് അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും വിമർശനമുണ്ട്. സുജിത് ദാസിന്റെ ഇത്തരം പ്രവൃത്തികൾ നിയമസംവിധാനങ്ങളോടുള്ള പൊതുജനത്തിന്റെ വിശ്വാസത്തെ ബാധിച്ചു. പൊലീസ് സേനയുടെ മേൽ നിഴൽവീഴ്ത്തിയെന്നും പറയുന്നു. അദ്ദേഹത്തിന്‍റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വിമർശനമുണ്ട്.
പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ സുജിത് ദാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഗുരുതര ആരോപണങ്ങളാണ് നിലമ്പൂർ എംഎൽഎയായ അൻവർ, സുജിത് ദാസിനും എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും ഉന്നയിച്ചിരുന്നത്. മുൻ മലപ്പുറം എസ്.പി കൂടിയായ സുജിത് ദാസിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നും എസ്.പി ക്യാമ്പിലെ മരം മുറിച്ചെന്നടക്കമുള്ള ആരോപണങ്ങൾ അൻവർ ഉന്നയിച്ചിരുന്നു. കൂടാതെ സുജിത് ദാസുമായുള്ള ഫോൺ സന്ദേശവും അൻവർ പുറത്തുവിട്ടിരുന്നു.