'ബന്ധം തുടരാൻ താൽപര്യമില്ല'; അഫീഫയെ വീട്ടുകാർക്കൊപ്പം വിട്ട് ഹൈക്കോടതി
|ലെസ്ബിയൻ പങ്കാളിയായ അഫീഫയെ കുടുംബം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൊണ്ടോട്ടി സ്വദേശി സുമയ്യ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതി നടപടി
കൊച്ചി: ലെസ്ബിയൻ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന കൊണ്ടോട്ടി സ്വദേശി സുമയ്യ ഷെറിന്റെ ഹരജി ഹൈക്കോടതി തീർപ്പാക്കി. വീട്ടുകാർ തടഞ്ഞുവച്ചെന്ന് സുമയ്യ ആരോപിച്ച അഫീഫയെ രക്ഷിതാക്കൾക്കൊപ്പം തന്നെ കോടതി വിട്ടു. ബന്ധം തുടരാൻ താൽപര്യമില്ലെന്നും രക്ഷിതാക്കൾക്കൊപ്പം പോകാനാണ് താത്പര്യമെന്നും പെൺകുട്ടി അറിയിക്കുകയായിരുന്നു.
സുമയ്യ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് പി.ബി സുരേഷ്കുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സുമയ്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് അഫീഫ കോടതിയെ അറിയിച്ചു. എന്നാൽ, ഇപ്പോൾ ബന്ധം തുടരാൻ താൽപര്യമില്ല. വീട്ടുകാർക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കുകയായിരുന്നു. അഫീഫയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പങ്കാളിയായ അഫീഫയെ മെയ് 30ന് എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് കുടുംബം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് സുമയ്യ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് ജൂൺ ഒൻപതിന് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഫീഫ കോടതിയിലെത്തിയില്ല. തുടർന്ന് പെൺകുട്ടിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് ജൂൺ 19ലേക്ക് മാറ്റിയത്.
പ്ലസ്ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. കഴിഞ്ഞ ജനുവരി 27നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ നാല് മാസമായി എറണാകുളം പുത്തൻകുരിശിൽ താമസിക്കുകയായിരുന്നു. മൊബൈൽ ഫോൺകടയിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് കൂട്ടുകാരി അഫീഫയെ വീട്ടുകാർ ഇടപെട്ട് ബലമായി കാറിൽ പിടിച്ചുകൊണ്ടുപോകുന്നത്. അഫീഫയുടെ ബന്ധുക്കൾ തന്നെയാണ് കൊണ്ടുപോയതെന്നാണ് സുമയ്യ പറയുന്നത്. അഫീഫ അപകടത്തിലാണെന്നും എത്രയും വേഗത്തിൽ കോടതിയിൽ ഹാജരാക്കണമെന്നും സുമയ്യ ആവശ്യപ്പെട്ടു. പെൺകുട്ടികൾക്കായി വീട്ടുകാർ മലപ്പുറം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഒരുമിച്ചുജീവിക്കാൻ ഇരുവർക്കും കോടതി നൽകുകയായിരുന്നു.
Summary: The High Court disposed of the Habeas corpus petition of Sumayya Sherin, a native of Kondotty, Malappuram, who alleged that her lesbian partner Afeefa was abducted by her family. Afeefa was released by the court with her parents