Kerala
രോഗിയെ കൊണ്ടുപോകും മുൻപ് ആംബുലൻസിന് പണമടക്കണം; ഉത്തരവിറക്കിയ സൂപ്രണ്ടിന് സ്ഥലംമാറ്റം
Kerala

രോഗിയെ കൊണ്ടുപോകും മുൻപ് ആംബുലൻസിന് പണമടക്കണം; ഉത്തരവിറക്കിയ സൂപ്രണ്ടിന് സ്ഥലംമാറ്റം

Web Desk
|
15 July 2023 10:18 AM GMT

പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്.

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി. ആംബുലൻസിന് മുൻകൂർ പണമടയ്ക്കണമെന്ന നോട്ടീസ് ഇറക്കിയതിനാണ് നടപടി..പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റം. സൂപ്രണ്ടിന്റെ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

രോഗിയുമായി പുറപ്പെടും മുൻപ് തന്നെ ആംബുലൻസിന് മുൻകൂറായി പണമടക്കണമെന്ന ഉത്തരവ് ഇന്നലെയാണ് സൂപ്രണ്ട് പുറത്തിറക്കിയത്. ആശുപത്രിയുടെ മുന്നിൽ നോട്ടീസ് പതിക്കുകയും ചെയ്തു. ഇന്നലെ രാത്രി തന്നെ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഡിവൈഎഫ്ഐക്ക് പുറമേ നഗരസഭയും സൂപ്രണ്ടിനെതിരെ രംഗത്തെത്തി. ചെയർമാന്റെ ചുമതലയുള്ള വൈസ് ചെയർമാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ആംബുലന്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് നഗരസഭയുടെ തന്നെ ആരോഗ്യവിഭാഗമാണ്. നഗരസഭയുമായി യാതൊരു തരത്തിലുള്ള കൂടിയാലോചനകളും ഇല്ലാതെയാണ് ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയതെന്നും വൈസ് ചെയർമാൻ ആരോപിച്ചു. ഇന്നലെ പ്രതിഷേധകർ ഉത്തരവ് കീറിക്കളയുകയും ഇതിനെതിരെ സൂപ്രണ്ട് പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിഷേധം കനത്തതോടെ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പറവൂർ താലൂക്കാശുപത്രിയിൽ മുൻകൂർ പണമില്ലാതെ ആംബുലൻസ് വിട്ടുനൽകാത്തതിന്റെ പേരിൽ ചികിത്സ വൈകി രോഗിയായ അസ്മ മരിച്ചത്. സംഭവത്തിൽ ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. ഇതിനിടെയാണ് സൂപ്രണ്ടിന്റെ വിചിത്ര ഉത്തരവ്.

Similar Posts