75 കോടി രൂപ കുടിശ്ശിക; കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്താൻ വിതരണക്കാർ
|കുടിശ്ശിക ലഭിച്ചില്ലെങ്കിൽ മാർച്ച് 10 മുതൽ മരുന്നുകൾ വിതരണം ചെയ്യില്ല
കോഴിക്കോട്: കുടിശ്ശിക നൽകാത്ത പക്ഷം മാർച്ച് 10 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ. ആശുപത്രി വികസന സമിതിക്കു കീഴിലുള്ള ന്യായവില മരുന്നുഷോപ്പിലേക്ക് മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തിലാണ് കുടിശ്ശികയുള്ളത്. വിതരണം നിർത്തുമെന്ന് കാണിച്ച് മെഡിക്കൽ കോളജ് അധികൃതർക്കും ആരോഗ്യമന്ത്രിക്കും വിതരണക്കാർ കത്തുനൽകി.
കോഴിക്കോട് മെഡിക്കൽ കോളജിൽ ജീവൻരക്ഷാ മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്ത വകയിൽ 75 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. 2023 ആഗസ്റ്റ് മുതലുള്ള കുടിശ്ശികയാണിത്. ആൾ കേരള കെമിസ്റ്റ്സ് ആൻറ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന് കീഴിലെ 70 ഓളം വിതരണക്കാർ കുടിശ്ശിക ആവശ്യപ്പെട്ട് മെഡിക്കൽ കോളജിനെ സമീപിച്ചു. പണം ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക ബാധ്യതയാണ് നേരിടുന്നതെന്ന് വിതരണക്കാർ പറഞ്ഞു.
ആൾ കേരള കെമിസ്റ്റ്സ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് എന്നീ പദ്ധതികളിലായി 175 കോടി രൂപ സംസ്ഥാന സർക്കാർ കോഴിക്കോട് മെഡിക്കൽ കോളജിന് നൽകാനുണ്ട്. ഇതാണ് വിതരണക്കാർക്കുള്ള പണം നൽകുന്നത് വൈകുന്നത്. ആരോഗ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.