ഓയോ റൂമുകളിലെ പാർട്ടികളിൽ ലഹരിയൊഴുക്ക്; വിൽപനക്കിടെ മുഖ്യപ്രതി പിടിയിൽ
|പശ്ചിമകൊച്ചിയിലെ ഓയോ റൂമുകൾ, റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ
കൊച്ചി: പശ്ചിമകൊച്ചിയിലെ ഒയോ റൂമുകൾ, റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണി മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിൽ. കൊച്ചി മട്ടാഞ്ചേരി ചേലക്കൽ വീട്ടിൽ ഹംസ മകൻ സനോജിനെ (38) ആണ്. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ് ജയനും സംഘവും ചേർന്ന് പിടികൂടിയത് സനോജിന്റെ പക്കൽ നിന്നും 2.250 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും , മയക്കുമരുന്ന് വിൽപ്പന നടത്തി കിട്ടിയ 2000 രൂപയും കണ്ടെടുത്തു.
മയക്കുമരുന്ന് ഉപയോഗത്തിന് പിടിയിലായ ചില യുവാക്കൾ ഇയാളെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ലായിരുന്നു. പ്രധാന ഇടനിലക്കാരനായ ഒരു യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സനോജിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എക്സൈസിന് ലഭിച്ചത്.
കരുവേലിപ്പടി ബസ് സ്റ്റോപ്പിന് സമീപം ഇടനിലക്കാരനെ കാത്ത് നിൽക്കവേയാണ് മയക്കുമരുന്നുകളുമായി ഇയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എ.എസ് ജയൻ, പ്രിവന്റീവ് ഓഫീസർ കെ.കെ അരുൺ , പി.എക്സ് ജോസഫ്,സിവിൽ എക്സൈസ് ഓഫീസർ കെ.എ റിയാസ് വനിത സിവിൽ എക്സൈസ് ഓഫീസർ എസ്. കനക. ഡ്രൈവർ ടി.ജി അജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.