കടുത്ത സാമ്പത്തിക പ്രതിസന്ധിയില് നട്ടംതിരിഞ്ഞ് സപ്ലൈകോ; കുടിശ്ശിക നൽകാത്തതിനാൽ വിതരണക്കാർ ടെൻഡറിൽ പങ്കെടുത്തില്ല
|കൂടുതൽ പ്രതിസന്ധിയിലേക്കാണ് ഓരോ ദിവസവും സപ്ലൈകോയുടെ പോക്ക്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ. കുടിശ്ശിക നൽകാത്തതിനെ തുടർന്ന് വിതരണക്കാർ ആരും ടെൻഡറിൽ പങ്കെടുത്തില്ല. നൽകാനുള്ള തുക ലഭിക്കാതെ സപ്ലൈകോയ്ക്ക് ഇനി സാധനങ്ങൾ നൽകേണ്ടതില്ലെന്ന് അന്യസംസ്ഥാനത്തെ കർഷകരും മില്ല് ഉടമകളും തീരുമാനിച്ചു. ടെൻഡറിൽ ആരും പങ്കെടുക്കാത്തതിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി ജി. ആർ അനിൽ പ്രതികരിച്ചു.
കൂടുതൽ പ്രതിസന്ധിയിലേക്കാണ് ഓരോ ദിവസവും സപ്ലൈകോയുടെ പോക്ക്. ഓണക്കാലത്ത് തുടങ്ങിയ സാധനങ്ങളുടെ ക്ഷാമം സപ്ലൈകോയിൽ ഇപ്പോഴുമുണ്ട്. 13 ഇന സബ്സിഡി സാധനങ്ങളിൾ ഒന്നുപോലും ഇല്ല. ഒട്ടുമിക്ക ഔട്ട് ലെറ്റുകളിലും ശബരി ഉൽപ്പന്നങ്ങൾ മാത്രമാണ് റാക്കുകളിൽ. വിതരണക്കാർക്കും കർഷകർക്കുമായി കോടിക്കണക്കിന് രൂപ കുടിശ്ശികയിനത്തിൽ സപ്ലൈകോ നൽകാനുണ്ട്. 800 കോടിയോളം രൂപ കുടിശ്ശിക വന്നതോടെയാണ് സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകേണ്ടതില്ല എന്നുള്ള തീരുമാനത്തിലേക്ക് അന്യസംസ്ഥാന കർഷകരും മില്ല് ഉടമകളും എത്തിയത്. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് ഇവിടങ്ങളിൽ നിന്ന് നേരിട്ട് സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർ കഴിഞ്ഞമാസം 29ന് നടന്ന ടെൻഡറിൽ പങ്കെടുത്തില്ല. അന്യ സംസ്ഥാന കർഷകരും മില്ല് ഉടമകളും നിലപാട് കടിപ്പിച്ചതോടെ സപ്ലൈകോയുടെ പ്രതിസന്ധി ഇരട്ടിയാകും.
സബ്സിഡി സാധനങ്ങൾക്ക് പുറമേ 40ലധികം സാധനങ്ങളുടെ ടെൻഡർ ആണ് ക്ഷണിച്ചിരുന്നത്. നൽകാനുള്ള കുടിശികയുടെ പകുതിയെങ്കിലും ലഭിച്ചാൽ പങ്കെടുക്കുമെന്ന് വിതരണക്കാർ നേരത്തെ അറിയിച്ചിരുന്നു. പക്ഷേ ഇതും ലഭിക്കാതെ വന്നതോടെയാണ് ടെൻഡറിൽ പങ്കെടുക്കാതിരുന്നത്. ധനവകുപ്പിൽ നിന്ന് 300 കോടി എങ്കിലും ലഭിച്ചാലെ സപ്ലൈകോയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയൂ.