സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല
|മലപ്പുറം നഗരത്തിലെ സപ്ലൈകോയിൽ സബ്സിഡിയുള്ള നാലിനം സാധനങ്ങൾ മാത്രമാണുള്ളത്.
മലപ്പുറം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. മലപ്പുറം നഗരത്തിലെ സപ്ലൈകോയിൽ സബ്സിഡിയുള്ള നാലിനം സാധനങ്ങൾ മാത്രമാണുള്ളത്.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇത് പിടിച്ച് നിർത്തുന്നതിനും സബ്സിഡിയായി പൊതുജനങ്ങൾക്ക് സാധനങ്ങൾ നൽകുന്നതിനുമാണ് സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. സബ്സിഡി ആയി കിട്ടുന്ന അവശ്യസാധനങ്ങൾ പോലും ഉപഭോക്താക്കൾക്ക് കിട്ടുന്നില്ല. അരി ഇനത്തിൽ ആകെ ഉള്ളത് ജയ അരി മാത്രമാണ്. പഞ്ചസാര അടക്കമുള്ള സാധനങ്ങൾ ഇതുവരെയും എത്തിയിട്ടില്ല.
പരിപ്പ്, വൻപയർ, ചെറുപയർ, കടല, മുളക്, പഞ്ചസാര, കുറുവ അരി എന്നിവയാണ് സബ്സിഡി ഇനത്തിൽ കിട്ടാത്ത പ്രധാന അവശ്യ സാധനങ്ങൾ. മല്ലി, വെളിച്ചെണ്ണ, ഉഴുന്ന് എന്നിവ മാത്രമാണ് സബ്സിഡിയില്‍ ലഭിക്കുന്ന ഇനങ്ങൾ. സബ്സിഡി ഇനത്തിൽ 13 സാധനങ്ങളിൽ 4 എണ്ണം മാത്രമാണ് മലപ്പുറത്ത് ഉള്ളത്. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും സമാന അവസ്ഥ തന്നെയാണുളളത്. ഓണം അടുക്കുന്ന സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് ഉപഭോക്താക്കൾ.