Kerala
Support for the political fight of PV Anvar says najeeb kanthapuram mla
Kerala

'പി.വി അന്‍വറിന്റെ പോരാട്ടത്തിന് പിന്തുണ'; തുറന്നുകാട്ടിയത് പിണറായി സർക്കാറിന്റെ പൊലീസ് രാജിന്റെ ഇരുണ്ട മുഖമെന്ന് നജീബ് കാന്തപുരം

Web Desk
|
6 Sep 2024 1:39 PM GMT

പിണറായി വിജയൻ അള്ളിപ്പിടിച്ചിരിക്കുന്ന അധികാരക്കസേര ഒഴുകിപ്പോകുന്ന പ്രക്ഷോഭ പ്രളയമാണ് കേരളത്തില്‍ ഉയർന്നുവരാൻ പോകുന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു.

മലപ്പുറം: പൊലീസിലെ ഉന്നതർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പി.വി അൻവർ എംഎൽഎയ്ക്ക് പിന്തുണയറിയിച്ച് നജീബ് കാന്തപുരം എംഎൽഎ. ഇടതു സര്‍ക്കാറിന്റെ ചീഞ്ഞളിഞ്ഞ അന്തപ്പുരക്കഥകള്‍ തുറന്നുവിട്ട് പി.വി അന്‍വര്‍ നടത്തുന്ന രാഷ്ട്രീയ പോരാട്ടം പിണറായി സർക്കാറിന്റെ പൊലീസ് രാജിന്റെ ഇരുണ്ട മുഖത്തേക്കാണ് വെളിച്ചം വീശിയിരിക്കുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. കേരളമാകെയും മലപ്പുറം ജില്ല പ്രത്യേകമായും പിണറായിയുടെ പൊലീസ് സെൽഭരണത്തിന് വിധേയമാക്കിയെന്ന് തുറന്നുപറയാൻ പി.വി അൻവർ എന്ന ഇടത് എംഎൽഎ സന്നദ്ധനായതിന് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നജീബ് കാന്തപുരത്തിന്റെ പ്രതികരണം. 'കേരളത്തിന്റെ പൊലീസ് സേന ഇത്ര നികൃഷ്ടവും ഭയാനകവുമായ കുറ്റകൃത്യങ്ങളാല്‍ വികൃതമായിരിക്കുന്നു എന്ന ബോധ്യം നമ്മെ ഓരോരുത്തരെയും ഉത്കണ്ഠപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. പൊലീസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ ഏതെങ്കിലും ചില ഉദ്യോഗസ്ഥരില്‍ മാത്രം നിലനില്‍ക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല. കാക്കിപ്പടയാകെ കുറ്റവാളികളുടെ സംഘമാണെന്ന് അരക്കിട്ടുറപ്പിക്കുന്ന വിധമാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്'.

'പിണറായി വിജയന്‍ എന്ന കേരളത്തിലെ മുഖ്യമന്ത്രി ഒരു നിമിഷം പോലും ആ പദവിയിലിരിക്കാന്‍ യോഗ്യനല്ല. അപസര്‍പ്പക കഥകളെ വെല്ലുംവിധം നമ്മുടെ സിസ്റ്റം ആടിയുലയുമ്പോള്‍ അന്‍വര്‍ ഉയര്‍ത്തിയ കൊടുങ്കാറ്റ് സിപിഎമ്മിനകത്ത് അതിസാഹസികമായ ഒരു കൊട്ടാര വിപ്ലവം തന്നെയാണ്. ഭരണകക്ഷി എം.എല്‍.എയായ അന്‍വര്‍ എഡിജിപി അജിത് കുമാറിനും സുജിത്‌ ദാസിനും അദ്ദേഹത്തിനു കീഴില്‍ അടക്കിയൊതുക്കി ഉണ്ടാക്കിയ ക്രിമിനല്‍ പൊലീസിങ്ങിനുമെതിരെ ഉയര്‍ത്തുന്ന ശബ്ദം അവഗണിക്കാൻ പാടില്ലാത്തതാണ്. നീതി തേടി എങ്ങനെ കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനെ സമീപിക്കും?'- അദ്ദേഹം ചോദിച്ചു.

'പിണറായി വിജയന്റെ മൗനം അദ്ദേഹത്തിന്റെ റിട്ടയർമെന്റിന്റെ പ്രഘോഷണമാണോ? അതോ മലപ്പുറം ജില്ലയിലെ മനുഷ്യരെ ഇങ്ങനെ തന്നെ തുടർന്നും കൈകാര്യം ചെയ്യുക എന്ന സന്ദേശം ഈ മൗനത്തിലൂടെ അദ്ദേഹം തന്റെ കിങ്കരന്മാരായ പൊലീസുകാർക്ക് നൽകുകയാണോ? അതാണ് ഉദ്ദേശ്യമെങ്കിൽ കൈയും കെട്ടിയിരിക്കും ഇവിടുള്ളവർ എന്ന ധാരണ, അങ്ങുപേക്ഷിച്ചേക്കണം'. പൊതുപ്രവര്‍ത്തകരെയും ജനനേതാക്കളെയും ഈ പൊലീസിങ് ഉപയോഗിച്ച് വിരട്ടുമ്പോള്‍ അതിനെതിരായിട്ടുള്ള കരുത്തുറ്റ ശബ്ദം തന്നെയാണ് അന്‍വറിൽ നിന്ന് ഉണ്ടായതെന്നും പിണറായി വിജയൻ അള്ളിപ്പിടിച്ചിരിക്കുന്ന അധികാരക്കസേര ഒഴുകിപ്പോകുന്ന പ്രക്ഷോഭ പ്രളയമാണ് കേരളത്തില്‍ ഉയർന്നുവരാൻ പോകുന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു.

എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം



Similar Posts