Kerala
സഭയിൽ തോക്കു ചൂണ്ടിയാലും എംഎൽഎയ്ക്ക് പരിരക്ഷ ലഭിക്കുമോ? കയ്യാങ്കളിക്കേസിൽ ചോദ്യങ്ങളുമായി സുപ്രിംകോടതി
Kerala

സഭയിൽ തോക്കു ചൂണ്ടിയാലും എംഎൽഎയ്ക്ക് പരിരക്ഷ ലഭിക്കുമോ? കയ്യാങ്കളിക്കേസിൽ ചോദ്യങ്ങളുമായി സുപ്രിംകോടതി

Web Desk
|
15 July 2021 5:59 AM GMT

"സഭയിലെ അക്രമങ്ങളിൽ സമാജികർക്ക് നിയമപരിരക്ഷയില്ല"

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ വിമർശനം നടത്തി സുപ്രിം കോടതി. സഭയിൽ അക്രമം നടത്തിയത് എന്തിനാണ് എന്ന് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എംആർ ഷാ എന്നിവർ അടങ്ങുന്ന ബഞ്ചാണ് സർക്കാറിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്.

സഭയിലെ അക്രമങ്ങളിൽ സാമാജികർക്ക് നിയമപരിരക്ഷയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഗ്വാദങ്ങൾ അക്രമത്തിലേക്ക് നയിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. 'കോടതിയെ നോക്കൂ, ചിലപ്പോൾ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങൾ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോ? സഭയിൽ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎൽഎ റിവോൾവർ കൊണ്ട് നിറയൊഴിച്ചാൽ എന്തു ചെയ്യും. ഇക്കാര്യത്തിൽ സഭയ്ക്കാണ് പരമാധികാരം എന്നു പറയാൻ ആകുമോ?'- ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

ഇത്തരം സന്ദർഭങ്ങളിൽ സഭയ്ക്കാണ് പരമാധികാരം എന്നാണ് സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചത്. പിവി നരസിംഹറാവു ജഡ്ജമെന്റിൽ കോടതി അക്കാര്യം ചൂണ്ടിക്കാട്ടിയതായും കുമാർ പറഞ്ഞു. ഈ വേളയിലായിരുന്നു കോടതിയുടെ പ്രതികരണം.

മന്ത്രി വി ശിവൻ കുട്ടി അടക്കമുള്ളവർ പ്രതിസ്ഥാനത്തുള്ള കേസ് സർക്കാറിന് ഏറെ നിർണായകമാണ്. പ്രതികൂല പരാമർശമുണ്ടായാൽ അത് സർക്കാറിന് തിരിച്ചടിയാകും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയിൽ പ്രതികൾ കുറ്റവിചാരണ നേരിടണമെന്ന് ബഞ്ച് പറഞ്ഞിരുന്നു. കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത്. അപ്പീൽ പിൻവലിക്കുകയാണ് എങ്കിൽ പ്രതികൾക്ക് വിചാരണക്കോടതിയിൽ വിചാരണ നേരിടേണ്ടി വരും.

എന്താണ് കേസ്

2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചരുന്നെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു.

Similar Posts